Tuesday, March 10, 2026 Last Updated 32 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 01.31 PM

സിറ്റിംഗ് എംഎല്‍എ മാരില്‍ കോണ്‍ഗ്രസിന് രണ്ടു സീറ്റുകളില്‍ കണ്‍ഫ്യൂഷന്‍ ; കീറാമുട്ടിയായി രണ്ട് എംപിമാരുടെ സമ്മര്‍ദ്ദവും

uploads/news/2026/03/829420/congrass.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ പ്രതിസന്ധി അയയാതെ കോണ്‍ഗ്രസ്. സിറ്റിംഗ് എംഎല്‍എ മാര്‍ മത്സരിക്കട്ടെയെന്നും എം.പി.മാര്‍ മത്സരിക്കേണ്ടതില്ല എന്നും നേരത്തേയെടുത്ത തീരുമാനമാണ് പ്രശ്‌നമാകുന്നത്. സിറ്റിംഗ് എംഎല്‍എ മാരില്‍ സുല്‍ത്താന്‍ബത്തേരി, പെരുമ്പാവൂര്‍ സീറ്റുകളിലെ കാര്യത്തിലാണ് അന്തിമ തീരുമാനം ആകാത്തത്. ഇതിനൊപ്പം എംപിമാരായ അടൂര്‍ പ്രകാശും കെ.സുധാകരനും മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതും തിരിച്ചടിയാണ്.

സുല്‍ത്താന്‍ബത്തേരിയില്‍ എന്‍എം. വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട വിവാദമാണ് ഐസി ബാലകൃഷ്ണന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനെ ചിന്തിപ്പിക്കുന്നത്. അതുപോലെ തന്നെ പെരുമ്പാവൂരിന്റെ കാര്യത്തില്‍ എല്‍ദോസ് കുന്നപ്പള്ളിക്ക് വിവാദം തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഹൈക്കമാന്റ് അന്തിമതീരുമാനം എടുക്കട്ടെ എന്നാണ് കെപിസിസി നിലപാട്.

കെപിസിസി തുടക്കത്തില്‍ തന്നെ സിറ്റിംഗ് എംഎല്‍എ മാര്‍ മത്സരിക്കട്ടെ എന്ന നിലപാടിലായിരുന്നു. പല മണ്ഡലങ്ങളിലും ഇവര്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടെന്നും വിരുദ്ധവികാരം ഇല്ലെന്നുമാണ് വിലയിരുത്തല്‍. അതേസമയം ഇക്കാര്യത്തില്‍ ഹൈക്കമാന്റിന്റെ സര്‍വേ കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം വരിക. നേരത്തേ എല്‍ദോസ് കുന്നപ്പള്ളിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. സ്‌ക്രിനീങ്ങ് കമ്മിറ്റി പട്ടിക കൈമാറിയാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും.

കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കാര്യത്തില്‍ മറ്റൊരു കീറാമുട്ടി രണ്ട് എം.പി.മാര്‍ കൂടി മത്സരിക്കാന്‍ തീരുമാനം എടുത്തിരിക്കുന്നതാണ്.
എംപി മാരുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം നേരത്തേ തന്നെ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും കെ. സുധാകരനും അടൂര്‍ പ്രകാശും സമ്മര്‍ദ്ദവുമായി എത്തിയിരിക്കുകയാണ്. ഹൈക്കമാന്റില്‍ ഇവര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. മുഖ്യമന്ത്രിക്ക് എതിരേ ധര്‍മ്മടത്തായാല്‍ പോലും കണ്ണൂരില്‍ മത്സരിക്കുമെന്ന് കെ. സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. രാഹുല്‍ഗാന്ധി തനിക്ക് വാഗ്ദാനം നല്‍കിയിരുന്നെന്നും പറഞ്ഞിരുന്നു.

മുമ്പും സംസ്ഥാനരാഷ്ട്രീയത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്ന അടൂര്‍പ്രകാശ് സമുദായ സംഘടനകള്‍ വഴിയാണ് സമ്മര്‍ദ്ദം ചെലുത്തുന്നതെന്നാണ് സൂചനകള്‍. കഴിഞ്ഞദിവസം ശിവഗിരി മഠത്തില്‍ പരിപാടിക്കായി എത്തിയ രാഹുല്‍ഗാന്ധിക്ക് മഠത്തില്‍ നിന്നും ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ഉണ്ടായതായിട്ടാണ് വിവരം. രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാനണ് സൂചനകള്‍.

ആദ്യഘട്ടത്തില്‍ 60 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 20 സിറ്റിംഗ് സീറ്റുകളില്‍ അടക്കം 40 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടുണ്ട്.സംവരണ മണ്ഡലങ്ങള്‍, ഒറ്റപ്പേര് മാത്രമുളള മണ്ഡലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് 40 സീറ്റ്. ബാക്കിയുള്ള 20 സീറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം ആദ്യഘട്ട സ്ഥാനാര്‍ഥികളെയുംപ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

അതേസമയം, സി പി ഐയോട് തെറ്റിപ്പിരിഞ്ഞ നാട്ടിക എംഎല്‍എ സിസി മുകുന്ദനെ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിക്കാനുള്ള നീക്കം സജീവമാക്കുകയാണ് കോണ്‍ഗ്രസ്. താന്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മണ്ഡലത്തില്‍ മത്സരിക്കുമെന്ന് സി സി മുകുന്ദന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Ads by Google
Ads by Google
TRENDING NOW