-->
ഫെബ്രുവരി 26-ന് ഉദയ്പൂരിലെ ഐ.ടി.സി മെമെന്റോസിൽ വെച്ചായിരുന്നു രശ്മികയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു ഈ സ്വപ്നതുല്യമായ ആഘോഷങ്ങൾ നടന്നത്.
വിവാഹ ചിത്രങ്ങളും 'പ്രധാനം' ചടങ്ങിലെയും മെഹന്ദി ആഘോഷങ്ങളിലെയും ചിത്രങ്ങളും രശ്മികയും വിജയ് ദേവരകൊണ്ടയും സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.ഇപ്പോഴിതാ, തങ്ങളുടെ ഹൽദി ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് രശ്മികയും വിജയും.
ഹൽദി ചടങ്ങിൽനിന്നുള്ള 20ൽ ഏറെ ചിത്രങ്ങൾ ദമ്പതികൾ പങ്കിട്ടിട്ടുണ്ട്. " ഇത് ഹൽദിയും ഹോളിയും ചേർന്ന പോലെയായിരുന്നു. ഞങ്ങൾ നിറങ്ങളിൽ അത്രയധികം മുങ്ങിപ്പോയിരുന്നു, ഇപ്പോഴും എന്റെ മുടിയിൽ ആ ചുവപ്പിന്റെ അംശമുണ്ട്. പിന്നെ ഒരു കാര്യം: എന്റെ കൂടെയുണ്ടായിരുന്ന 'ടീം ബ്രൈഡിന്റെ' അവിശ്വസനീയമായ സഹായത്തോടെ അന്ന് നടന്ന എല്ലാ കളികളിലും ഞാൻ തന്നെയാണ് ജയിച്ചത്," കുസൃതിയോടെ രശ്മിക കുറിച്ചു.
ഉദയ്പൂരിലെ ഐ.ടി.സി മെമെന്റോസ് ഹോട്ടലിനും കുറിപ്പിൽ രശ്മിക നന്ദി പറയുന്നുണ്ട്: "നിങ്ങളുടെ ഈ പ്രോപ്പർട്ടിയിൽ വെച്ച് ഞങ്ങളുടെ വിവാഹം നടന്നതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്, കാരണം അത് അത്രമേൽ പെർഫെക്റ്റ് ആയിരുന്നു!അവിടുത്തെ അന്തരീക്ഷം, ജീവനക്കാർ, സേവനം, ഭക്ഷണം.. എല്ലാം മികച്ചതായിരുന്നു, ഞങ്ങൾ ശരിക്കും ആസ്വദിച്ചു.. ഞങ്ങൾ എല്ലാവരും ഉടൻ തന്നെ തിരിച്ചുവരും... മറ്റൊന്നുമല്ലെങ്കിലും നിങ്ങളെ കാണാനായി മാത്രം!രശ്മിക കൂട്ടിച്ചേര്‍ത്തു.
അതേസമയം ഹൽദി ആഘോഷങ്ങളെ കുറിച്ച് വിജയിന്റെ കുറിപ്പിങ്ങനെയാണ് തുടങ്ങുന്നത്: "ഹൽദി ദിനം - പുലർച്ചെ വരെ നീണ്ടുനിന്ന സംഗീത് ആഘോഷത്തിന് ശേഷമുള്ള ആ രാവ്. മറ്റേതെങ്കിലും ദിവസമായിരുന്നെങ്കിൽ ഉണരുക എന്നത് അസാധ്യമായേനെ, പക്ഷേ പരസ്പരം കാണാനും എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കാനുമുള്ള ആവേശത്തിലായിരുന്നു ഞങ്ങൾ എല്ലാവരും.
അതുപോലെ, ഞങ്ങളുടെ ഗ്യാങ്ങിലെ എല്ലാവർക്കും ഒരേപോലെ ഒപ്പമിരിക്കാൻ പാകത്തിലുള്ള അത്രയും വലിയൊരു ഉരുളി വേണമെന്നും എനിക്കുണ്ടായിരുന്നു. ഇവന്റ് ടീമിലെ എന്റെ മിടുക്കരായ ഡെക്കർ ടീമും ഐടിസിയും ചേർന്ന് ഞാൻ ചോദിച്ച ഒന്നിനും "സാധ്യമല്ല" എന്ന് പറയാതെ എല്ലാം ഭംഗിയായി നടത്തിത്തന്നു.
ഞങ്ങളെല്ലാവരെയും ഉന്മേഷത്തോടെ നിലനിർത്താൻ ആവശ്യത്തിന് വെള്ളവും നിറങ്ങളും സംഗീതവും ബഹളവുമെല്ലാം അവിടെയുണ്ടായിരുന്നു. എന്റെ ജന്മനാട്ടിൽ തന്നെ വിവാഹം കഴിക്കണമെന്നും പ്രകൃതിയോട് ചേർന്ന് നിൽക്കണമെന്നും എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതിനായി അല്ലാതെ മറ്റൊരു സ്ഥലം എനിക്ക് തിരഞ്ഞെടുക്കാനാവില്ല - പുഴയും തോട്ടങ്ങളും മലനിരകളുമൊക്കെയുള്ള 200 ഏക്കറിലെ ഈ മനോഹരമായ ഇടം ഒരു സ്വർഗ്ഗം പോലെയാണ്.. അവിടുത്തെ ജീവനക്കാരും സേവനവും ലോകത്തെവിടെയും എനിക്ക് ലഭിച്ചതിൽ വെച്ച് ഏറ്റവും മികച്ചതാണ്. അവർക്കെന്റെ എല്ലാ സ്നേഹവും."
എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ എന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കൂട്ടി ഒരു അവധിക്കാലത്തിനായി ഇവിടേക്ക് തന്നെ വരണമെന്ന് കഴിഞ്ഞ രാത്രി പോലും ഞാൻ ആലോചിക്കുകയായിരുന്നു."
ഹൽദി, എനിക്കൊരു 'യുദ്ധം' പോലെ വേണമായിരുന്നു, അവർ അത് എനിക്ക് നൽകുകയും ചെയ്തു- ഉച്ചഭക്ഷണ സമയമായപ്പോഴേക്കും എല്ലാവരുടെയും വസ്ത്രങ്ങൾ നശിച്ചിരുന്നു, എനിക്ക് ഏറെ ഇഷ്ടപ്പെട്ട അനാമിക ഖന്ന ഡിസൈൻ ചെയ്ത കുർത്തയുൾപ്പെടെ. പക്ഷേ അതൊന്നിനും ഒരു നഷ്ടമായി തോന്നിയില്ല."
പ്രശസ്ത ഡിസൈനർ അനാമിക ഖന്നയാണ് ദമ്പതികളുടെ വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. ഹൽദി ചടങ്ങിൽ താൻ ഏറെ ഇഷ്ടപ്പെട്ട കുർത്ത നിറങ്ങൾ പുരണ്ട് നശിച്ചെങ്കിലും ആ നിമിഷങ്ങൾ അത്രമേൽ വിലപ്പെട്ടതായിരുന്നു എന്നാണ് വിജയ് കുറിക്കുന്നത്.
വിദേശത്ത് വിവാഹം കഴിക്കുന്നതിനേക്കാൾ തങ്ങളുടെ ജന്മനാട്ടിൽ തന്നെ വിവാഹിതയാകണം എന്ന ആഗ്രഹമാണ് രശ്മികയേയും വിജയിനെയും ഉദയ്പൂർ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം പ്രകൃതിയോട് ചേർന്ന് നിന്ന് നടത്തിയ ഈ വിവാഹം ശരിക്കും ഒരു 'ഔട്ട്‌ഡോർ പാരഡൈസ്' പോലെയായിരുന്നു