-->
അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത റീല്‍ ലൈഫ് കോമ്പോയാണ് രാശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഇവരുടെ ഓണ്‍ലൈന്‍ കെമിസ്ട്രി റിയല്‍ ലൈഫിലും ഉണ്ടാകണമെന്ന് ആരാധകര്‍ ആഗ്രഹിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ നാളുകളായി താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ രണ്ടാളും ഇതിനെക്കുറിച്ച് ഒന്നും തുറന്നു സംസാരിച്ചിട്ടില്ല. ഒരേ സ്ഥലത്തു നിന്ന് രണ്ടായി പകര്‍ത്തിയ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാന്‍ തുടങ്ങിയതോടെ ആരാധകര്‍ ഈ സാമ്യം കണ്ടുപിടിക്കാനും ഇവരുടെ പ്രണയം റീല്‍സായി എത്താനും തുടങ്ങിയിരുന്നു.
അടുത്തിടെയായി കേള്‍ക്കുന്ന വാര്‍ത്തകളില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് സൂചനകള്‍. 2026 ഫെബ്രുവരിയിൽ ഇവര്‍ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെക്കുറിച്ച് ഇരുവരും ഔദ്യോഗിക പ്രസ്താവനകളോ സൂചന നൽകുന്ന പോസ്റ്റുകളോ നടത്തിയിട്ടില്ല.
ഇപ്പോഴിതാ ജോലി സംബന്ധമായ കാര്യങ്ങൾ പങ്കാളിയായ വിജയ്‌യുമായി ചർച്ച ചെയ്യാറില്ലെന്ന് പറയുകയാണ് രാശ്മിക. വിജയ് യെ തന്റെ പങ്കാളിയെന്നോ പ്രതിശ്രുത വരനെന്നോ രാശ്മിക ഒരിക്കലും വിശേഷിപ്പിച്ചിട്ടില്ലെങ്കിലും നിങ്ങളുടെ പങ്കാളിയും അതേ പ്രൊഫഷനിൽ ആയിരിക്കുമ്പോൾ എങ്ങനെയുണ്ടെന്നുള്ള ചോദ്യത്തിനാണ് താരം മറുപടി പറയുന്നത്. വിജയ് യുടെ പേരെടുത്ത് പറയാതെ തന്നെ വീട്ടിൽ പ്രൊഫഷണൽ ജീവിതം വേർപെടുത്തി നിർത്തുന്നത് ആരോഗ്യകരമായ ഒരു സന്തുലിതാവസ്ഥയ്ക്ക് പ്രധാനമാണെന്നാണ് താരം പറയുന്നത്.
‘‘വീട്ടിലേക്ക് പോകുമ്പോൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കുറഞ്ഞത് 80 ശതമാനം സമയത്തും ഞാൻ വീട്ടിൽ ജോലിയെക്കുറിച്ച് ചർച്ച ചെയ്യാറില്ല. കരിയറില്‍ എന്തെങ്കിലും എന്നെ അലട്ടുന്നുണ്ടെങ്കിൽ, ഞാൻ ഉപദേശമോ സഹായമോ ചോദിക്കാറുണ്ട്. വീട്ടിൽ, ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം നിങ്ങൾക്ക് 24/7 ജോലിസ്ഥലത്ത് തുടരാൻ കഴിയില്ല. ജോലിയെക്കുറിച്ച് സംസാരിക്കുന്നതും ജോലി തന്നെയാണ്. ഞാൻ ജോലിയിലോ മീറ്റിംഗിലോ ആയിരിക്കുമ്പോൾ, ഞാൻ എന്റെ 100 ശതമാനവും നൽകുന്നു, പക്ഷേ ഞാൻ വീട്ടിലായിരിക്കുമ്പോൾ, ഞാൻ വീട്ടിലായിരിക്കും. ഞാൻ അത്തരത്തിലുള്ള ഒരു വ്യക്തിയാണ്.
ഞാനൊരു വര്‍ക്കഹോളിക്കാണ്. ഞങ്ങൾ അഭിനേതാക്കളാണ്, ജോലി ഞങ്ങളെ വിട്ടുപോകുന്നില്ല. പക്ഷേ എന്റെ അമ്മ, അച്ഛൻ അല്ലെങ്കിൽ എന്റെ കുടുംബത്തിലെ ആരുമായും, ഞാൻ ജോലിയെക്കുറിച്ച് സംസാരിക്കാറില്ല. എന്റെ സ്വകാര്യ ജീവിതം ഞാൻ വളരെ ഗൗരവമായി കാണുന്നു... ഞാനൊരു കാര്യം മനസ്സില്‍ വച്ചിട്ടുണ്ട്, വീട്ടിലായിരിക്കുമ്പോള്‍ ഞാന്‍ ജോലിയെക്കുറിച്ച് സംസാരിക്കാറില്ല. പ്രൊഫഷണല്‍ കാര്യങ്ങള്‍ കേട്ടാലും ഞാനതിന് ചെവി കൊടുക്കാറില്ല, ഞാനൊന്നും കോണ്‍ട്രിബ്യൂട്ട് ചെയ്യാറില്ല. അത്തരം കാര്യങ്ങള്‍ വന്നാല്‍ പിറ്റേ ദിവസം രാവിലെ 9 മണിക്ക് സംസാരിക്കാം എന്ന് പറയും. മുഴുവന്‍ സമയം ജോലിയെന്ന് ചിന്തിച്ചാല്‍ എപ്പോഴാണ് നാം നമ്മളെക്കുറിച്ച് ചിന്തിക്കുന്നത്. ബോധപൂര്‍വ്വം നമ്മളത് മാറ്റിവച്ചില്ലെങ്കില്‍ ജോലി നമ്മളെ ഭരിക്കാന്‍ തുടങ്ങും. അതനുവദിക്കുന്നത് നല്ലതല്ലെന്നും ആരോഗ്യകരമല്ലെന്നും ഞാൻ കരുതുന്നു. വീട്ടിൽ പ്രൊഫഷണൽ ജീവിതം വേർപെടുത്തി നിർത്തുന്നത് ആരോഗ്യകരമായ ഒരു സന്തുലിതാവസ്ഥയ്ക്ക് പ്രധാനമാണ്... ’’ രാശ്മിക പറയുന്നു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുമായുള്ള സംഭാഷണത്തിലാണ് താരമിത് പറഞ്ഞത്. ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും ഉദാഹരണം നൽകിയാണ് അനുപമ ചോപ്രയിത് ചോദിച്ചത്. രൺബീറുമായി ആക്ടിംഗിനെക്കുറിച്ചും അതിന്റെ ക്രാഫ്റ്റുകളെക്കുറിച്ചും കരിയറിനെക്കുറിച്ചും സംസാരിക്കാറുണ്ടോ എന്ന ചോദ്യത്തിന് ആലിയ ഭട്ട് നല്‍കിയ മറുപടി ‘ഇല്ല’ എന്നാണ് പറഞ്ഞതെന്ന് അനുപമ ചോപ്ര പറയുന്നു. പിന്നാലെയാണ് രാശ്മിക തന്റെ പങ്കാളിയായ വിജയ് യോട് ഇത്തരം കാര്യങ്ങള്‍ സംസാരിക്കാറുണ്ടോ എന്ന് അനുപമ ചോദിച്ചത്.
വിജയ്‌യുമായുള്ള വിവാഹ പദ്ധതികളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. അത് സ്ഥിരീകരിക്കണോ നിരസിക്കണോ എന്ന് ചോദിച്ചതിന്, താരം പുഞ്ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. ‘‘എനിക്കും അത് ചെയ്യാൻ താൽപ്പര്യമില്ല; അതിനെക്കുറിച്ച് സംസാരിക്കേണ്ടിവരുമ്പോൾ, ഞങ്ങൾ ചെയ്യും...’’ രാശ്മിക പറഞ്ഞു.
ചാവ, ദി ഗേൾഫ്രണ്ട് തുടങ്ങിയ സിനിമകളുമായി രാഷ്മികയ്ക്ക് പ്രൊഫഷണൽ രംഗത്ത് മികച്ച ഒരു വർഷമായിരുന്നു. കൃതി സനോണിനും ഷാഹിദ് കപൂറിനുമൊപ്പം ‘കോക്ക്ടെയിൽ 2’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം.