-->
തമിഴിലെ ശ്രദ്ധേയനായ നടനാണ് വിജയ് സേതുപതി. കേരളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. 2019ല്‍ പുറത്തിറങ്ങിയ മാര്‍ക്കോണി മത്തായി ആണ് ഒടുവില്‍ വിജയ് അഭിനയിച്ച മലയാള ചിത്രം. ഇപ്പോഴിതാ എന്തുകൊണ്ടാണ് താന്‍ അതിന് ശേഷം മലയാളം സിനിമകളില്‍ അഭിനയിക്കാത്തതെന്ന് പറയുകയാണ് നടന്‍. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
' മാര്‍ക്കോണി മത്തായി കഴിഞ്ഞ് മലയാളത്തില്‍ നിന്ന് നിരവധി കഥകള്‍ കേട്ടു. പക്ഷേ അവയില്‍ ഒന്നും ഇഷ്ടമായില്ല. പലരുടെയും അടുത്ത് നിന്ന് കഥ കേള്‍ക്കും, ചിലപ്പോള്‍ ഞാന്‍ ഓക്കെ പറയും. എന്നാല്‍ പിന്നീട് അവര്‍ വീണ്ടും വരാറില്ല. എന്തുകൊണ്ടാണെന്ന് അറിയില്ല. മലയാളം, തെലുങ്ക്, ഹിന്ദി എന്നിവിടങ്ങളില്‍ നിന്ന് നിരവധി കഥകള്‍ വരാറുണ്ട്. എന്നാല്‍ എനിക്ക് ഇഷ്ടപ്പെടുന്ന കഥകള്‍ ഇതുവരെ കിട്ടിയിട്ടില്ല', വിജയ് സേതുപതി പറഞ്ഞു. മലയാള സിനിമകള്‍ തനിക്ക് വളരെ ഇഷ്ടമാണെന്നും ' തുടരും' എന്ന സിനിമ കണ്ടിരുന്നതായും വളരെ ഇഷ്ടമായി എന്നും വിജയ് സേതുപതി പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച കളങ്കാവല്‍ സിനിമയും വളരെ നന്നായിട്ടുണ്ടെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.
അതേസമയം മണികണ്ഠന്‍ ഒരുക്കുന്ന കാട്ടാന്‍ എന്ന വെബ് സീരീസാണ് വിജയ് സേതുപതിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. ഫര്‍സിയ്ക്ക് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന സീരീസാണിത്.