-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ഷംന കാസിം. ജെ.ബി.എസ് ഗ്രൂപ്പിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. കഴിഞ്ഞ ദിവസമാണ് ഷംനയ്ക്കും കുഞ്ഞിനും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. മകള്‍ ജനിച്ച സന്തോഷം ഷാനിദ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഷംന കാസിം പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. തനിക്ക് സ്‌നേഹവും കരുത്തും പിന്തുണയും നല്‍കി കൂടെ നിന്ന രണ്ട് അമ്മമാര്‍ക്കും ഭര്‍ത്താവിനും ഷംന നന്ദി പറഞ്ഞു. തനിക്കും കുഞ്ഞിനും വേണ്ടി പ്രാര്‍ത്ഥിച്ച പ്രിയപ്പെട്ടവര്‍ക്കും തന്റെ ഡോക്ടര്‍കര്‍ക്കും ഷംന കുറിപ്പിലൂടെ നന്ദി അറിയിച്ചു.
'എന്റെ ഹൃദയം ഇന്ന് സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ മനോഹരമായ യാത്രയില്‍ രണ്ട് അമ്മമാരും എനിക്കൊപ്പം ഉണ്ടായിരുന്നതില്‍ ഞാന്‍ ഏറെ അനുഗ്രഹിക്കപ്പെട്ടവളാണ്. അവരുടെ സ്‌നേഹവും കരുത്തും പിന്തുണയും എനിക്ക് എല്ലാം ആയിരുന്നു. എന്റെ ഭര്‍ത്താവിന്, എന്റെ കരുത്തായി ഓരോ ഘട്ടത്തിലും കൂടെ നിന്നതിന് വലിയൊരു നന്ദി. നിന്റെ സ്‌നേഹവും കരുതലും പിന്തുണയും ഇല്ലാതെ എനിക്ക് ഇത് സാധ്യമാകുമായിരുന്നില്ല.
ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞിനെയും പ്രാര്‍ത്ഥനകളില്‍ ഓര്‍ത്തവര്‍ക്കും ആശംസകള്‍ നേര്‍ന്നവര്‍ക്കും നന്ദി. ദൈവാനുഗ്രഹത്താല്‍ ഞങ്ങളിപ്പോള്‍ സുരക്ഷിതരായി ഞങ്ങളുടെ കുഞ്ഞതിഥിയോടൊപ്പം വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. ഞങ്ങളെ ഇത്രത്തോളം നന്നായി പരിചരിക്കുകയും ഈ യാത്ര സുഗമവും ആശ്വാസകരവുമാക്കുകയും ചെയ്ത ഡോ. സഫ ഫാത്തിമയ്ക്കും ആസ്റ്റര്‍ ദുബായിലെ മുഴുവന്‍ ടീമിനും പ്രത്യേക നന്ദി അറിയിക്കുന്നു. എന്നും കടപ്പെട്ടിരിക്കുന്നു'', എന്നാണ് ഷംനയുടെ വാക്കുകള്‍.
2022 ഒക്‌ടോബറില്‍ ദുബായില്‍ വെച്ചായിരുന്നു ഷംനയുടെയും ഷാനിദ് ആസിഫ് അലിയുടെയും വിവാഹം. ഹംദാന്‍ എന്നൊരു മകനും കൂടി ഉണ്ട് ഈ ദമ്പതികള്‍ക്ക്.