-->
ജിംനിക്ക് പുതിയ വേരിയന്റ് സമ്മാനിക്കാനൊരുങ്ങി സുസുക്കി. 2026 ജനുവരിയില്‍ നടക്കുന്ന ടോക്കിയോ ഓട്ടോ സലൂണില്‍ (Tokyo Auto Salon 2026) ജിംനി നൊമാഡ് മോണ്‍സ്റ്റര്‍ ഹണ്ടര്‍ വൈല്‍ഡ്സ് എഡിഷന്‍ (Suzuki Jimny Nomade Monster Hunter Wilds Edition) സുസുക്കി പ്രദര്‍ശിപ്പിക്കും. പ്രശസ്ത വീഡിയോ ഗെയിം ഫ്രാഞ്ചൈസിയായ മോണ്‍സ്റ്റര്‍ ഹണ്ടറുമായി സഹകരിച്ചാണ് ഈ സ്പെഷ്യല്‍ എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. ജപ്പാനില്‍ ജിംനി നൊമാഡ് എന്ന് വിളിക്കപ്പെടുന്ന മെയിഡ് ഇന്‍ ഇന്ത്യ ജിംനി 5 ഡോര്‍ എസ്യുവിയെ അടിസ്ഥാനമാക്കിയാണ് ഈ സ്പെഷ്യല്‍ എഡിഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കാപ്‌കോം എന്ന ഗെയിം ഡെവലപ്പര്‍ കമ്പനിയുമായി സഹകരിച്ചാണ് സുസുക്കി ഈ പ്രോജക്റ്റ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 'പോപ്പ്-അപ്പ് ക്യാമ്പുകള്‍' എന്ന പുതിയ ഇന്‍-ഗെയിം ഫീച്ചറില്‍ നിന്നാണ് ജിംനി നോമാഡ് മോണ്‍സ്റ്റര്‍ ഹണ്ടര്‍ വൈല്‍ഡ്സ് എഡിഷന്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. പരുക്കന്‍ ലുക്കാണ് ജിംനി മോണ്‍സ്റ്റര്‍ ഹണ്ടര്‍ എഡിഷന്‍ എത്തുന്നത്. ഓഫ്-റോഡ് യാത്രകള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ വലിയ ടയറുകളും, പരിഷ്‌കരിച്ച സസ്പെന്‍ഷന്‍ സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡാര്‍ക്ക് തീമിലുള്ള പെയിന്റ് സ്‌കീമും വാഹനത്തിന്റെ ഗാംഭീര്യം വര്‍ധിപ്പിക്കുന്നു. വാഹനത്തിന്റെ ഇന്റീരിയറിലും ഗെയിം തീമിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്പെഷ്യല്‍ സീറ്റ് കവറുകള്‍, മോണ്‍സ്റ്റര്‍ ഹണ്ടര്‍ ബ്രാന്‍ഡിംഗുള്ള ഡാഷ്‌ബോര്‍ഡ് ഘടകങ്ങള്‍, പ്രത്യേക മാറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഈ ഡിസൈന്‍ മാറ്റങ്ങള്‍ ജിംനിയുടെ സിമ്പിള്‍ ഇന്റീരിയര്‍ ലേഔട്ടില്‍ ആധുനികമായ ഒരു സ്പര്‍ശം നല്‍കുന്നു. കോസ്മെറ്റിക് അപ്ഗ്രേഡുകള്‍ അല്ലാതെ ഈ സ്പെഷ്യല്‍ എഡിഷനിന്റെ സാങ്കേതിക വശങ്ങളില്‍ മാറ്റമൊന്നുമില്ല. 102 bhp പവറും 130 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് ലൈഫ്സ്റ്റൈല്‍ എസ്യുവിക്ക് തുടിപ്പേകുന്നത്. ഏത് ദുര്‍ഘട പാതയും അനായാസം കീഴടക്കാന്‍ സഹായിക്കുന്ന സുസുക്കിയുടെ പ്രശസ്തമായ 'ആള്‍ഗ്രിപ്പ് പ്രോ' (AllGrip Pro) 4WD സിസ്റ്റം ജിംനി നൊമാഡില്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. ടോക്കിയോ ഓട്ടോ സലോണ്‍ പ്രധാനമായും കസ്റ്റം വാഹനങ്ങള്‍ക്കും മോഡിഫിക്കേഷനുകള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത്.