-->
മാരുതി ആള്‍ട്ടോ K10 ഹാച്ച്ബാക്കിന് 2026 മാര്‍ച്ച് മാസത്തില്‍ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ വേരിയന്റിലും സ്റ്റാന്‍ഡേര്‍ഡായി തന്നെ 6 എയര്‍ബാഗുകളോടെ വരുന്ന കാര്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ 3.70 ലക്ഷം രൂപ മുതല്‍ 5.45 ലക്ഷം രൂപ വരെയാണ് കാറിന് എക്‌സ്‌ഷോറൂം വില വരുന്നത്. 2026 മാര്‍ച്ചില്‍ ആള്‍ട്ടോ K10 മോഡലിന് 42,500 രൂപ വരെയാണ് ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ സ്‌ക്രാപ്പേജ് ബോണസ്, കോര്‍പ്പറേറ്റ് ഓഫര്‍ എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങള്‍ മാരുതി അരീന ഡീലര്‍ഷിപ്പുകള്‍ നല്‍കുന്നത്.
മാത്രമല്ല എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിന്റെ എല്ലാ വകഭേദങ്ങള്‍ക്കും ഓഫറുകള്‍ ബാധകമാണ്. നിങ്ങള്‍ വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനും സ്റ്റോക്ക് ലഭ്യതയ്ക്കും അനുസരിച്ച് ഓഫറുകള്‍ വ്യത്യാസപ്പെടാം. നല്ല മൈലേജും ചെറിയ വിലയും താങ്ങാനാവുന്ന മെയിന്റനെന്‍സ് കോസ്റ്റുമെല്ലാമാണ് മാരുതി ആള്‍ട്ടോയെ ഇന്നും സാധാരണക്കാരിലേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ആള്‍ട്ടോയ്ക്ക് ഇപ്പോള്‍ തുടിപ്പേകുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന് 67 bhp പവറില്‍ 89 Nm ടോര്‍ക്ക് വരെ നിര്‍മിക്കാനും കഴിയുന്നതാണ്. പെട്രോളിന് പുറമെ സിഎന്‍ജി ബൈ ഫ്യുവല്‍ ഓപ്ഷനിലും മാരുതിയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് സ്വന്തമാക്കാനാവും.
5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം വരുന്ന സിഎന്‍ജി പതിപ്പിന്റെ പെര്‍ഫോമന്‍സ് കുറവാണെങ്കിലും ഒടുക്കത്തെ മൈലേജാണ് ലഭിക്കുക. അതായത് ആള്‍ട്ടോയുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.90 കിലോമീറ്ററും കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസില്‍ ഓടുമ്പോള്‍ 33.40 കിലോമീറ്റര്‍ മൈലേജ് വരെയും നല്‍കാനാവും. ഒരു എന്‍ട്രി ലെവല്‍ കാറില്‍ പ്രതീക്ഷിക്കാവുന്നതിലും കൂടുതല്‍ ഫീച്ചറുകള്‍ നിറച്ചു കൊണ്ടാണ് ആള്‍ട്ടോ K10 വിപണിയിലെത്തുന്നത്.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ റിമോട്ട് കീ ആക്സസ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, നാല് ഡോറിലും പവര്‍ വിന്‍ഡോകള്‍ എന്നിവയെല്ലാം കാറിലുണ്ട്. 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന മാരുതി സുസുക്കിയുടെ ലോര്‍ഡ് ആള്‍ട്ടോയുടെ എല്ലാ വേരിയന്റുകളിലും ഇലക്ട്രാണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ESP) ലഭ്യമാണ്.