-->
മാരുതി സുസുക്കിയുടെ അരീന ഡീലര്‍ഷിപ്പുകളിലൂടെ ഈ മാസവും വമ്പന്‍ ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഒരുക്കിവെച്ചിരിക്കുന്നത്. കണ്‍സ്യൂമര്‍ ഓഫര്‍, സ്‌ക്രാപ്പേജ് അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ഓഫര്‍, കോര്‍പ്പറേറ്റ് ഓഫറുകള്‍ എന്നിവയുടെ രൂപത്തിലാണ് ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതിയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളില്‍ ഒന്നായ സ്വിഫ്റ്റിനും ഈ മാസം വമ്പന്‍ ആനുകൂല്യങ്ങളുണ്ട്. 45,000 രൂപ വരെ വിലക്കുറവില്‍ കോംപാക്ട് ഹാച്ച്ബാക്ക് സ്വന്തമാക്കാം. കാറിന്റെ എഎംടി ഗിയര്‍ബോക്‌സ് വകഭേദങ്ങള്‍ക്ക് 45,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.
ഓട്ടോമാറ്റിക് വേണ്ടെന്നുള്ളവര്‍ക്ക് സ്വിഫ്റ്റിന്റെ പെട്രോളും സിഎന്‍ജിയും ഉള്ള അതിന്റെ മാനുവല്‍ ഗിയര്‍ബോക്‌സ് വകഭേദങ്ങള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. സ്വിഫ്റ്റിന്റെ വില 5.78 ലക്ഷം മുതല്‍ 8.64 ലക്ഷം രൂപ വരെയാണ്. എന്നാല്‍, മാരുതി സുസുക്കി ഫെബ്രുവരി മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകള്‍ നഗരം, സ്റ്റോക്ക് ലഭ്യത, സംസ്ഥാനം, ഡീലര്‍ഷിപ്പ് എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെട്ടേക്കാം. 1.2 ലിറ്റര്‍ Z- സീരീസ് ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കിയുടെ പെപ്പി സ്വിഫ്റ്റിന്റെ ഹൃദയം. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വരുന്ന എഞ്ചിന് 80 bhp കരുത്തില്‍ പരമാവധി 112 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ കഴിയും.
സിഎന്‍ജിയിലേക്ക് വന്നാല്‍ കിലോഗ്രാമിന് 32.85 കിലോമീറ്റര്‍ മൈലേജാണ് നല്‍കുകയെന്നാണ് മാരുതിയുടെ അവകാശവാദം. സ്വിഫ്റ്റ് മാനുവല്‍ പതിപ്പുകള്‍ക്ക് ലിറ്ററിന് 24.80 കിലോമീറ്റര്‍ ഇന്ധനക്ഷമത വരെ നല്‍കാനാവും. 9 ഇഞ്ച് സ്മാര്‍ട്ട്പ്ലേ പ്രോ പ്ലസ് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, 40-ലധികം കണക്റ്റഡ് കാര്‍ സവിശേഷതകള്‍, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് ഫോണ്‍ മിററിംഗ്, റിയര്‍ എസി വെന്റുകള്‍, 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റുകള്‍, കീലെസ് എന്‍ട്രി പോലുള്ള മോഡേണ്‍ ഫീച്ചറുകളാലും മാരുതി സുസുക്കി സ്വിഫ്റ്റ് സമ്പന്നമാണ്. ഒപ്പം പ്രായോഗികമായ സ്‌പേസും ഇന്റീരിയറിലുണ്ട്.
സേഫ്റ്റിയുടെ കാര്യത്തില്‍ മുന്‍ഗാമികളേക്കാള്‍ കൂടുതല്‍ മിടുക്കനാവാന്‍ ന്യൂജനറേഷന്‍ സ്വിഫ്റ്റിന് സാധിച്ചിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, റോള്‍ഓവര്‍ മിറ്റിഗേഷനോടു കൂടിയ ഇലക്ട്രോണിക് സ്‌റ്റൈബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളും ത്രീ-പോയിന്റ് ബെല്‍റ്റുകളും പോലുള്ള സുരക്ഷാ സന്നാഹങ്ങളാണ് സ്വിഫ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.