-->
സീലിയോ ഇലക്ട്രിക് (ZELO Electric) തങ്ങളുടെ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടറായ 'നൈറ്റ് പ്ലസ് റാണി എഡിഷന്‍' അവതരിപ്പിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ആത്മവിശ്വാസവും വ്യക്തിത്വവും തുളുമ്പുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ സ്പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കേവലം 999 യൂണിറ്റുകള്‍ മാത്രമാണ് രാജ്യത്തുടനീളം ലഭ്യമാകുക. സീലിയോയുടെ ഫ്ലാഗ്ഷിപ്പ് പ്ലാറ്റ്‌ഫോമായ നൈറ്റ് പ്ലസിന്റെ എല്ലാ കരുത്തും ഈ എഡിഷനും നിലനിര്‍ത്തുന്നു.
ഇന്ത്യന്‍ വിപണിയില്‍ 69,990 രൂപയാണ് റാണി എഡിഷന്റെ എക്സ്ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ സീലിയോയുടെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴി ഈ ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടര്‍ ബുക്ക് ചെയ്യാവുന്നതാണ്. യൂണിറ്റുകള്‍ പരിമിതമായതിനാല്‍ താല്‍പര്യമുള്ളവര്‍ ഇവി നേരത്തെ ബുക്ക് ചെയ്യാന്‍ കമ്പനി നിര്‍ദേശിക്കുന്നു. നൈറ്റ് പ്ലസ് റാണീ എഡിഷന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ എക്സ്‌ക്ലൂസീവ് ബേബി പിങ്ക് കളര്‍വേയാണ്. പാസ്റ്റല്‍ ബോഡി ടോണിനൊപ്പം കോണ്‍ട്രാസ്റ്റിംഗ് വൈറ്റ് പാനലുകളും സൂക്ഷ്മമായ ഡീറ്റൈലിംഗും ഇവി സ്‌കൂട്ടറിന് മൊഞ്ചേകുന്നു. സിറ്റി റൈഡുകള്‍ക്ക് പറ്റിയ വ്യത്യസ്തമായ വാഹനം തേടുന്ന മോഡേണ്‍ റൈഡര്‍മാരെ ലക്ഷ്യം വെച്ചാണ് നൈറ്റ് പ്ലസ് റാണി എഡിഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സാങ്കേതിക മികവിന്റെ കാര്യത്തിലും റാണി എഡിഷന്‍ പിന്നിലല്ല. 1.8 kWh ശേഷിയുള്ള പോര്‍ട്ടബിള്‍ LFP ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഈ ഇവി സ്‌കൂട്ടര്‍ 100 കിലോമീറ്റര്‍ വരെ ദൂരം ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. വാഹനം വാഗ്ദാനം ചെയ്യുന്നു. 1.5 kW ഇലക്ട്രിക് മോട്ടോര്‍ കരുത്ത് പകരുന്ന ഈ സ്‌കൂട്ടറിന് മണിക്കൂറില്‍ പരമാവധി 55 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. കയറ്റങ്ങളില്‍ വാഹനം സുരക്ഷിതമായി സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ ഇതില്‍ പ്രധാനമാണ്. തുടക്കക്കാര്‍ക്ക് ഈ ഫീച്ചര്‍ ഏറെ ഉപകാരമാണ്. ദീര്‍ഘദൂര യാത്രകളില്‍ സുഖകരമായ റൈഡിംഗ് അനുഭവം നല്‍കുന്ന ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനവും ഇതിലുണ്ട്.
രാത്രികാലങ്ങളില്‍ പാര്‍ക്ക് ചെയ്ത ശേഷം റൈഡര്‍ക്ക് വഴി കാണിക്കുന്ന 'ഫോളോ-മീ-ഹോം' ഹെഡ്‌ലാമ്പുകള്‍ ഉടമകള്‍ക്ക് അധിക സുരക്ഷയേകുന്നു. യാത്രയ്ക്കിടയില്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും ഇവിയില്‍ ഒരുക്കിയിട്ടുണ്ട്. എവിടെയും കൊണ്ടുപോയി ചാര്‍ജ് ചെയ്യാവുന്ന പോര്‍ട്ടബിള്‍ ബാറ്ററി സംവിധാനമാണ് മറ്റൊരു വലിയ പ്രത്യേകത.