-->
കൊടുംതണുപ്പില്‍ വിറച്ചുനിന്ന ഒരു തെരുവുനായയോട് കരുണ കാണിച്ചതിന് ഒരു യുവാവിന് തന്റെ ജോലി നഷ്ടമായ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. റഷ്യയിലെ ചെല്യാബിന്‍സ്‌കിലുള്ള 'ഡോഡോ പിസ്സ' എന്ന സ്ഥാപനത്തിലാണ് ലോകത്തെത്തന്നെ ഞെട്ടിച്ച ഈ ക്രൂരമായ സംഭവം അരങ്ങേറിയത്. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് എന്ന അതികഠിനമായ തണുപ്പില്‍ മരവിച്ചു നിന്ന 'ഡോഡോബോണ്യ' എന്ന തെരുവ് നായയെ സഹായിച്ചതിനാണ് മിഖായേല്‍ സാവിറ്റ്‌സ്‌കി എന്ന ഡെലിവറി ജീവനക്കാരന് തന്റെ ജോലി നഷ്ടമായത്. ഒന്നര വര്‍ഷമായി ആ കടയുടെ മുന്നില്‍ കഴിയുന്ന, എല്ലാവര്‍ക്കും പ്രിയങ്കരനായ ആ നായയെ പുതിയ മാനേജര്‍ യൂലിയ വന്നതോടെ സഹായിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കിയിരുന്നു. എന്നാല്‍ നായയുടെ ദയനീയാവസ്ഥ കണ്ട് മനസ്സലിഞ്ഞ മിഖായേല്‍ അതിനൊരു പുതപ്പ് നല്‍കുകയായിരുന്നു.
ഓര്‍ഡര്‍ ഡെലിവറി കഴിഞ്ഞ് വെറും 15 മിനിറ്റിനുള്ളില്‍ തിരികെയെത്തിയ മിഖായേലിനെ മാനേജര്‍ ഉടന്‍ തന്നെ ജോലിയില്‍ നിന്ന് പുറത്താക്കി. 'നായയെ സഹായിക്കുന്നവര്‍ അവനോടൊപ്പം തെരുവില്‍ കഴിയേണ്ടി വരും' എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് മാനേജര്‍ അയച്ച സന്ദേശങ്ങളും മിഖായേല്‍ പുറത്തുവിട്ടു. മൃഗങ്ങളോട് സ്‌നേഹം കാണിച്ചാല്‍ അത് ജോലിയെ ബാധിക്കുമെന്ന വിചിത്രമായ വാദമാണ് മാനേജര്‍ ഉയര്‍ത്തിയത്. ഒരു മിണ്ടാപ്രാണിയോട് കാരുണ്യം കാണിച്ചതിന് ഒരു യുവാവിന്റെ ഉപജീവനമാര്‍ഗ്ഗം തടഞ്ഞ നടപടി വലിയ രീതിയിലുള്ള മനുഷ്യാവകാശ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഡോഡോ പിസ്സയ്‌ക്കെതിരെ വലിയ ജനരോഷമാണ് റഷ്യയില്‍ ഉയരുന്നത്. കമ്പനി ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് ആളുകള്‍ രംഗത്തെത്തി. മിഖായേലിനെ പുറത്താക്കിയത് ജോലിയിലെ വീഴ്ചകള്‍ കാരണമാണെന്ന് കമ്പനി വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും, പുറത്തുവന്ന സന്ദേശങ്ങള്‍ ആ വാദത്തെ തള്ളിക്കളയുന്നതായിരുന്നു. 'മനുഷ്യത്വം കാണിക്കുന്നവരെ ശിക്ഷിക്കുന്ന സ്ഥാപനങ്ങള്‍ നമുക്ക് വേണ്ട' എന്ന ഉറച്ച നിലപാടിലാണ് ഇപ്പോള്‍ റഷ്യന്‍ ജനതയും മൃഗസ്‌നേഹികളും.