-->
പക്ഷിമൃഗാദികളുായി ബന്ധപ്പെട്ട് കൗതുകമുണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇവയില്‍ പലതു കാഴ്ചക്കാരെ അമ്പരപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ nseekspot.media എന്ന യൂസര്‍ പങ്കുവച്ച ഒരു വീഡിയോയാണ് ആളുകളെ രസിപ്പിച്ചിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ഒരു കാക്ക മനുഷ്യരെ പോലെ സംസാരിക്കുന്നതാണ്. തത്തകള്‍ പലപ്പോഴും മനുഷ്യരെ അനുകരിച്ച് സംസാരിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍, കാക്കകള്‍ അങ്ങനെ ചെയ്യുന്നത് നമ്മള്‍ കാണാറില്ല അല്ലേ? എന്നാല്‍, ഈ വീഡിയോയില്‍ അതാണ് കാണുന്നത്.
പാല്‍ഘറിലെ വാഡ താലൂക്കിലെ ഒരിടത്താണ് ഈ കാക്കയുള്ളത് എന്നാണ് വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നത്. തനുജ മുക്‌നെ എന്ന സ്ത്രീയാണ് ഈ കാക്കയെ പരിപാലിക്കുന്നത്. ഈ കാക്ക മനുഷ്യരെപ്പോലെ സംസാരിക്കാന്‍ തുടങ്ങിയത് നാട്ടുകാരെയാകെ ഞെട്ടിച്ചിരിക്കുകയാണ് എന്നും കാപ്ഷനില്‍ പറയുന്നു. മൂന്ന് വര്‍ഷം മുമ്പാണ് മുക്‌നെ തന്റെ പൂന്തോട്ടത്തില്‍ ഈ കാക്കയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പതിനഞ്ച് ദിവസം അവര്‍ അതിനെ പരിചരിക്കുകയും ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.
എന്നാലിപ്പോള്‍, അത് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മനുഷ്യരുടേത് പോലെ സംസാരിക്കുന്നു എന്നാണ് പറയുന്നത്. അസാധാരണമായ ഈ സംഭവം ഗ്രാമത്തില്‍ എല്ലാവരിലും കൗതുകമുണര്‍ത്തുകയും അവര്‍ അതേ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുകയാണത്രെ. പാപാ, മമ്മി, കാക്ക എന്നെല്ലാം ഈ കാക്ക വിളിക്കുമത്രെ. എന്തായാലും വീഡിയോയും ആളുകളെ ഞെട്ടിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് ഈ കൗതുകകരമായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.