-->
പാമ്പുകളിലെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജവെമ്പാല ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ്. പേരുപോലെത്തന്നെ ഭയപ്പെടുത്തുന്ന രൂപമാണ് ഇവയുടേത്. രാജവെമ്പാല ഒറ്റത്തവണ പുറപ്പെടുവിക്കുന്ന വിഷം കൊണ്ട് 20 മനുഷ്യരെ വരെ കൊല്ലാനും അല്ലെങ്കില്‍ ഒരു ആനയെ പോലും വകവരുത്താനും ശേഷിയുണ്ട്. മനുഷ്യനെ കാണുമ്പോള്‍ രക്ഷപ്പെട്ടോടുന്ന ഇവ അത്ര എളുപ്പത്തില്‍ വിഷം പുറപ്പെടുവിക്കാറുമില്ല. ജീവന് ഭീഷണിയുണ്ടെന്ന് തോന്നുന്ന ഘട്ടത്തില്‍ മാത്രമേ രാജവെമ്പാലകള്‍ വിഷം പുറത്തേക്ക് പ്രയോഗിക്കുകയുള്ളൂ.
എന്നാല്‍ ഇപ്പോഴിതാ ഭീകരന്മാരായ രണ്ട് രാജവെമ്പാലയെ പിടികൂടുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടുക്കം സൃഷ്ടിക്കുന്നത്. സൈബ എന്ന യുവതിയാണ് ഇതുസംബന്ധിച്ച വീഡിയോ പങ്കുവച്ചത്. 'രണ്ട് ഗ്രാമങ്ങളില്‍ നിന്ന് ഒരേ ദിവസം രണ്ട് രാജവെമ്പാലകളെ രക്ഷപ്പെടുത്തി. സുരക്ഷിതമായി കാട്ടിലേക്ക് വിട്ടു' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്.
സൈബ വിവിധതരം പാമ്പുകളെ പിടിക്കുന്ന നിരവധി വീഡിയോകള്‍ ഈ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്.
യുവതി രണ്ട് രാജവെമ്പാലയുടെയും വാല്‍ പിടിച്ച് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഇടയ്ക്ക് യുവതിയ്ക്ക് നേരെ പാമ്പ് ചീറ്റുന്നുമുണ്ട്. എന്നാല്‍ യുവതിയെ ഉപദ്രവിക്കാന്‍ പാമ്പ് ശ്രമിക്കുന്നില്ല. പെട്ടെന്ന് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി. നിരവധിപേരാണ് കമന്റും ലൈക്കുമായി രംഗത്തെത്തുന്നത്. യുവതിയുടെ ധൈര്യത്തെയും പലരും പ്രശംസിക്കുന്നുണ്ട്.