-->
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ നടന്‍ പ്രേംകുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം. കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കടകംപള്ളി സുരേന്ദ്രന്‍ നടനെ കാണാനായി വീട്ടില്‍ എത്തിയെങ്കിലും കൂടിക്കാഴ്ച നടന്നില്ല. കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ അതൃപ്തി പരസ്യമാക്കിയത്.
തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാതിരിക്കുകയും തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നീക്കിയതും ഇരട്ട നീതിയെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരിച്ചിരുന്നു. തനിക്ക് ഇല്ലാത്ത എന്തോ അത്ഭുത സിദ്ധി സച്ചിദാനന്ദന് ഉണ്ടെന്ന് പരിഹസിച്ച പ്രേംകുമാര്‍ ചലച്ചിത്ര മേളയുടെയും സിനിമാ അവാര്‍ഡ് നിര്‍ണയത്തിന്റെയും ഒരുക്കങ്ങള്‍ക്കിടെ ഒരു വാക്ക് പോലും പറയാതെയാണ് മാറ്റിയതെന്നും പറഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രേംകുമാറുമായി ഫോണില്‍ സംസാരിച്ചു. കെ സി വേണുഗോപാല്‍ പ്രേംകുമാറിനെ നേരിട്ട് കാണാന്‍ ഇരിക്കുന്നതിനിടെയാണ് പ്രേംകുമാറിനെ കാണാനായി കടകംപള്ളി സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്.