-->
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കുമ്പോഴും കേരളത്തിനായി പ്രഖ്യാപനങ്ങളൊന്നുമില്ലാതെ എന്‍.ഡി.എ. പ്രചാരണത്തിനു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വര്‍ണക്കൊള്ളയും മാസപ്പടിയും സോളാറുമെല്ലാം സമാസമം ചേര്‍ത്ത് യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ഒരുപോലെ കടന്നാക്രമിച്ച മോദി, കേരളത്തിന്റെ വികസനം ഉറപ്പാക്കാന്‍ എന്‍.ഡി.എയ്‌ക്ക് അവസരം നല്‍കണമെന്നഭ്യര്‍ഥിച്ച് മടങ്ങി.
എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ കൊച്ചിയില്‍ ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു മോദി. 'കേരളം' എന്ന പുതിയ ഔദ്യോഗികനാമം വ്യക്‌തമായി എടുത്തുപറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കേരളത്തിന് 'മോദിയുടെ ഗ്യാരന്റി'യുണ്ടെന്ന് ആവര്‍ത്തിച്ചെങ്കിലും എന്തൊക്കെയെന്നു വ്യക്‌തമാക്കിയില്ല. എല്‍.ഡി.എഫ്-യു.ഡി.എഫ്. അവിശുദ്ധകൂട്ടുകെട്ടില്‍നിന്ന് പുറത്തുകടക്കാന്‍ കേരളം ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ മോദി, എന്‍.ഡി.എ. അധികാരത്തിലെത്തിയാല്‍ അഴിമതി, ചുവപ്പുനാട, ഹര്‍ത്താല്‍ മാഫിയകളെ തുടച്ചുനീക്കുമെന്നും പ്രഖ്യാപിച്ചു.
'ജയ് കേരളം, ജയ് വികസിതകേരളം' എന്ന മുദ്രാവാക്യം മുഴക്കിയാണ് മോദി പ്രസംഗമാരംഭിച്ചത്. വികസിതകേരളം സൃഷ്‌ടിക്കാന്‍ എന്‍.ഡി.എയ്‌ക്ക് മാത്രമേ കഴിയൂവെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിന്റെ സ്വപ്‌നത്തിനും പാരമ്പര്യത്തിനുമുള്ള അംഗീകാരമാണ് 'കേരളം' എന്ന പേര്. തൃശൂരിലെയും തിരുവനന്തപുരത്തെയും ജനത എന്‍.ഡി.എയെ വിശ്വാസത്തിലെടുത്തു. ഇനി മുഴുവന്‍ കേരളവും അതിന്റെ ഭാഗമാകും. അനുകൂലഘടകങ്ങള്‍ ഉണ്ടായിട്ടും കേരളത്തിന് അര്‍ഹമായ വികസനമുണ്ടായില്ല. അതിനു കാരണം മാറി മാറി ഭരിച്ച എല്‍.ഡി.എഫും യു.ഡി.എഫുമാണ്. അവര്‍ കേരളത്തിലെ യുവാക്കളെ വഞ്ചിച്ചു. കോണ്‍ഗ്രസിന്റെ യുവാക്കള്‍ക്കു ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യ എവിടെയെത്തിയെന്നുപോലും അറിയില്ല. കേരളത്തിലെ സ്‌റ്റാര്‍ട്ട്‌അപ്പുകളിലൂടെ ഡ്രോണ്‍ സാങ്കേതികവിദ്യ വളരുന്നത് അവര്‍ക്കറിയില്ല. കേരളത്തില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കും. ഹര്‍ത്താല്‍ മാഫിയയേയും അഴിമതി മാഫിയയേയും ബി.ജെ.പി. തുടച്ചുനീക്കും.
'രാഹൂല്‍ ഗാന്ധി കൂപമണ്ഡൂകം'
ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയേയും മോദി രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ യുവാക്കള്‍ക്കു ഡ്രോണ്‍ നിര്‍മാണത്തില്‍ എത്രമാത്രം വൈദഗ്‌ധ്യമുണ്ടെന്ന് കോണ്‍ഗ്രസിന്റെ 'യുവരാജാവി'ന് അറിയില്ല. കൂപമണ്ഡൂകങ്ങളായ ചിലര്‍ക്ക് ഈ രാജ്യത്ത് നടക്കുന്ന പരിവര്‍ത്തനം കാണാന്‍ സാധിക്കുന്നില്ല. കേരളത്തില്‍ എന്‍.ഡി.എ. സര്‍ക്കാരുണ്ടായാല്‍ പ്രതിഭാശാലികളായ യുവാക്കളോടു നീതി പുലര്‍ത്തും. എ.ഐ. ഉള്‍പ്പെടെ ഭാവിസാങ്കേതികവിദ്യകളുടെ കേന്ദ്രമായി കേരളത്തെ മാറ്റും.
ഗള്‍ഫിലും കോണ്‍ഗ്രസിന്
രാഷ്‌ട്രീയക്കളി
ഗള്‍ഫിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സുരക്ഷിതരാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്. ഗള്‍ഫ് സംഘര്‍ഷത്തിലും കോണ്‍ഗ്രസ് രാഷ്‌ട്രീയം കളിക്കുകയാണ്. മോദിയെ വിമര്‍ശിച്ച് റീലുണ്ടാക്കാനുള്ള വ്യഗ്രതയിലാണു കോണ്‍ഗ്രസ്. യുദ്ധസമയത്തുപോലും കോണ്‍ഗ്രസും ഇടതുപക്ഷവും അപവാദപ്രചാരണം നടത്തുകയാണ്. ഫാ. ടോം ഉഴുന്നാലിന്റെ മോചനവും മോദി പരാമര്‍ശിച്ചു.
അന്ന് സോളാര്‍,
ഇന്ന് സി.എം.ആര്‍.എല്‍.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ട് മുന്നണികളും പങ്കാളികളാണെന്നു മോദി വിമര്‍ശിച്ചു. യു.ഡി.എഫ്. കാലത്ത് സോളാര്‍ അഴിമതിയായിരുന്നു ചര്‍ച്ചയെങ്കില്‍ എല്‍.ഡി.എഫ്. കാലത്ത് സി.എം.ആര്‍.എല്‍. അഴിമതിയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എം.എം.സി. (മുസ്ലിം ലീഗ് മാവോ കോണ്‍ഗ്രസ്) ആയി മാറി. അധികാരം കിട്ടാന്‍ ജമാഅത്തെ ഇസ്ലാമിയുമായിവരെ കൂട്ടുചേരുന്നുവെന്നും മോദി വിമര്‍ശിച്ചു.