-->
പ്രണയവാര്‍ഷിക ദിനത്തില്‍ ഒരു ജര്‍മ്മന്‍ യുവാവിന് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തങ്ങളുടെ വിലപ്പെട്ട ദിവസം ആഘോഷിക്കാന്‍ കാമുകിക്കായി ഒരുക്കിയ ഒരു സര്‍െ്രെപസ് യുവാവിന് വരുത്തിവെച്ചത് വലിയ സാമ്പത്തിക നഷ്ടമായിരുന്നു. തന്റെ ഒരു മാസത്തെ ശമ്പളം മുഴുവന്‍ ബലൂണില്‍ കെട്ടി കാമുകിക്ക് സമ്മാനിക്കാന്‍ ശ്രമിക്കുന്നതിനിടെ നിമിഷനേരം കൊണ്ട് പണം ആകാശത്തേക്ക് പറന്നുപോയി. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം 11 കോടിയിലധികം പേര്‍ ഈ ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു.
രാത്രിയില്‍ ഒരു പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ് യുവാവ് ഈ സര്‍െ്രെപസ് ഒരുക്കിയത്. ചുവന്ന റിബണ്‍ കെട്ടിയ വലിയൊരു വെള്ള ഗിഫ്റ്റ് ബോക്‌സിനുള്ളില്‍ പണം കോര്‍ത്തുവെച്ച ബലൂണുകള്‍ യുവാവ് സജ്ജീകരിച്ചിരുന്നു. പെട്ടിക്കുള്ളില്‍ നിന്ന് പിങ്ക് വെളിച്ചം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. കാമുകി പെട്ടിയുടെ മൂടി തുറന്നതും പണത്തിന്റെ ചങ്ങലയുമായി ബലൂണ്‍ ഉയര്‍ന്നുപൊങ്ങി.
ഈ മനോഹരമായ കാഴ്ച കണ്ട് വികാരാധീനയായ യുവതി പണത്തെക്കുറിച്ച് ചിന്തിക്കാതെ കാമുകനെ കെട്ടിപ്പിടിച്ചു. എന്നാല്‍ ഇവര്‍ പരസ്പരം ആലിംഗനം ചെയ്യുന്ന തിരക്കിലായപ്പോള്‍, പെട്ടിയില്‍ നിന്നും പണത്തിന്റെ ചങ്ങല വേര്‍പെടുകയും ബലൂണ്‍ അതിവേഗം ആകാശത്തേക്ക് ഉയരുകയും ചെയ്തു. യുവതി അതിന് പിന്നാലെ ഓടിയെങ്കിലും പണം പിടിക്കാന്‍ കഴിഞ്ഞില്ല. നിരാശനായ യുവാവ് തന്റെ കോട്ട് ഊരി എറിഞ്ഞ് പണം തടയാന്‍ ശ്രമിച്ചെങ്കിലും എല്ലാം നിഷ്ഫലമായി.
ഏകദേശം 2000 ഡോളര്‍ (ഇന്ത്യന്‍ രൂപയില്‍ 1.8 ലക്ഷം രൂപയോളം) ആണ് ഇത്തരത്തില്‍ നഷ്ടപ്പെട്ടത്. ഷോക്കിലായ യുവാവ് തലയില്‍ കൈവച്ച് നിലത്തിരുന്നു പോയി. 'അത് എന്റെ ഒരു മാസത്തെ ശമ്പളമായിരുന്നു' എന്ന് സങ്കടത്തോടെ പറയുന്ന യുവാവിനോട് 'നിന്റെ ആ മനസ്സിനാണ് വില, ഇനിയും പണം ഉണ്ടാക്കാമല്ലോ' എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന കാമുകിയെയും വീഡിയോയില്‍ കാണാം.
ഈ വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. പണത്തെക്കാള്‍ മുന്‍പ് കാമുകനെ കെട്ടിപ്പിടിച്ച യുവതിയുടെ സ്‌നേഹത്തെ പലരും പുകഴ്ത്തി. 'അവള്‍ പണത്തേക്കാള്‍ സ്‌നേഹത്തിന് വില നല്‍കി, അതുകൊണ്ട് ഇതൊരു വിജയമാണ്' എന്ന് ചിലര്‍ കുറിച്ചു. എന്നാല്‍, ഇത്രയും വലിയ തുക പുറത്തുവെച്ച് കൈകാര്യം ചെയ്ത യുവാവിന്റെ അശ്രദ്ധയെയും, 'ഇനിയും പണം ഉണ്ടാക്കാം' എന്ന് പറഞ്ഞ കാമുകിയുടെ മറുപടിയെയും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി.