-->
തെരുവു നായ്ക്കുട്ടിയോട് യുവാക്കളുടെ കണ്ണില്ലാത്ത ക്രൂരത. രാജസ്ഥാനിലെ ജയ്പൂരിന് സമീപം നായക്കുട്ടിയോട് യുവാക്കള്‍ കാട്ടിയ ക്രൂരതയുടെ ദൃശ്യങ്ങള്‍ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് നായക്കുട്ടിയെ ബലമായി പിടിച്ചുവെച്ച് ക്യാനില്‍ നിന്നും ഒരു പാനീയം കുടിപ്പിക്കുന്ന വീഡിയോയാണ് ഇത്.
ഭയന്നു വിറച്ച നായക്കുട്ടി രക്ഷപ്പെടാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, യുവാക്കള്‍ അതിന്റെ വായ ബലമായി തുറന്ന് പാനീയം ഒഴിച്ചുകൊടുക്കുന്നത് വീഡിയോയില്‍ കാണാം. ആദ്യ വീഡിയോ വൈറലായതിന് പിന്നാലെ രണ്ടാമതൊരു വീഡിയോ കൂടി ഇവര്‍ പങ്കുവെച്ചത് നെറ്റിസണ്‍സിനെ കൂടുതല്‍ പ്രകോപിപ്പിച്ചു. തങ്ങളുടെ പ്രവൃത്തി തെറ്റാണെന്ന് മനസ്സിലാക്കുന്നതിന് പകരം, വീണ്ടും സമാനമായ ക്രൂരത ആവര്‍ത്തിച്ചത് യുവാക്കളുടെ ധാര്‍ഷ്ട്യമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി.
യുവാക്കള്‍ നല്‍കുന്നത് മദ്യമാണെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, വീഡിയോയിലുള്ളത് 'പ്രെഡേറ്റര്‍' എന്ന ബ്രാന്‍ഡിന്‍െര്‍ എനര്‍ജി ഡ്രിങ്ക് ക്യാന്‍ ആണെന്ന് പിന്നീട് ചിലര്‍ ചൂണ്ടിക്കാട്ടി. പാനീയം ഏതായാലും നായക്കുട്ടികള്‍ക്ക് ഇത് മാരകമാണ്. എനര്‍ജി ഡ്രിങ്കുകളിലെ കഫീന്‍, പഞ്ചസാര, ഉത്തേജകങ്ങള്‍ എന്നിവ നായകളുടെ ആരോഗ്യത്തിന് അതീവ ഹാനികരമാണ്. ഇത് നിര്‍ജ്ജലീകരണം, ഹൃദയമിടിപ്പ് വര്‍ദ്ധിക്കല്‍, അപസ്മാരം, വിഷബാധ എന്നിവയ്ക്കും മരണം വരെ സംഭവിക്കാനും കാരണമായേക്കാം.
പ്രമുഖ മൃഗക്ഷേമ സംഘടനയായ പാല്‍ ഫൗണ്ടേഷന്‍ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. മൃഗക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായ മുംബൈ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഈ പ്രവൃത്തിയെ 'അങ്ങേയറ്റം ക്രൂരവും അംഗീകരിക്കാനാവാത്തതും' എന്ന് വിശേഷിപ്പിച്ചു. മനുഷ്യര്‍ നല്‍കുന്ന വിശ്വാസത്തെ ചൂഷണം ചെയ്യുന്നത് മനുഷ്യത്വമില്ലായ്മയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.