-->
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്‌ബോള്‍ 12-ാം സീസണില്‍ ആദ്യജയം തേടി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. കൊല്‍ക്കത്ത വമ്പന്മാരായ ഈസ്‌റ്റ് ബംഗാളിനെതിരേ അവരുടെ തട്ടകത്തിലാണ് ഇന്നു പോരാട്ടം. സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചുമുതലാണു മത്സരം. സോണി സ്‌പോര്‍ട്‌സ്-2, സോണി സ്‌പോര്‍ട്‌സ് 2 എച്ച്.ഡി. ചാനലുകളിലും ഫാന്‍കോഡ് മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റിലും മത്സരം തല്‍സമയം കാണാം. ഇന്നു രാത്രി 7.30 നു നടക്കുന്ന രണ്ടാം മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും ബംഗളുരു എഫ്.സിയും കൊമ്പുകോര്‍ക്കും.
സ്‌പോണ്‍സര്‍ഷിപ്പ് പ്രതിസന്ധിയില്‍ത്തട്ടി വൈകിത്തുടങ്ങിയ ഐ.എസ്.എല്‍. പുതിയ സീസണില്‍ അതിലും വലിയ പ്രതിസന്ധിയിലൂടെയാണ് കേരളത്തിന്റെ കൊമ്പന്മാര്‍ കടന്നുപോകുന്നത്. ഇതുവരെ കളിച്ച നാലു മത്സരങ്ങളില്‍ നാലിലും തോല്‍ക്കാനായിരുന്നു ടീമിന്റെ വിധി. ആകെ 14 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ടൂര്‍ണമെന്റിന്റെ പോയിന്റ് പട്ടികയില്‍ 13-ാമതാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. സമനിലപോലും കണ്ടെത്താനാകാതെ അക്കൗണ്ട് തുറക്കാത്ത രണ്ടു ടീമുകളില്‍ മുഹമ്മദന്‍സിനു മുന്നിലാണു ടീമിന്റെ സ്‌ഥാനമെന്നതു മാത്രമാണ് നാണക്കേടിലും ചെറിയ ആശ്വാസമേകുന്നത്.
ഗോള്‍ ശരാശരിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ 13-ാം സ്‌ഥാനത്തെത്തിച്ചത്. മൈനസ് അഞ്ചാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ വ്യതിയാനം. മൈനസ് എട്ട് അക്കൗണ്ടിലായതോടെയാണ് മുഹമ്മദന്‍ അവസാനസ്‌ഥാനത്തേക്കു പതിച്ചത്.
ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികളാകുന്ന ഈസ്‌റ്റ് ബംഗാള്‍ ഏഴു പോയിന്റുമായി അഞ്ചാം സ്‌ഥാനത്താണ്. ആദ്യകളി സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഈസ്‌റ്റ് ബംഗാളിനു തോല്‍വി പിണഞ്ഞു. പക്ഷേ, അവസാന രണ്ടുകളിയും ജയിച്ച് ടീം വിജയവഴിയിലെത്തി. നാലുകളിയില്‍ രണ്ടു ജയം, ഒന്നുവീതം തോല്‍വി, സമനില എന്നിങ്ങനെയാണ് ഈസ്‌റ്റ് ബംഗാളിന്റെ അക്കൗണ്ടിലുള്ളത്.
നാലു കളിയും ജയിച്ച മോഹന്‍ ബഗാനാണ് പോയിന്റ് പട്ടികയില്‍ ആദ്യസ്‌ഥാനത്ത്. ഇത്രയും കളിയില്‍ തുല്യപോയിന്റാണെങ്കിലും ജംഷെഡ്‌പുര്‍ എഫ്.സി. ഗോള്‍ശരാശരിയില്‍ രണ്ടാമതായി. രണ്ടുജയവും രണ്ടു സമനിലയുമായി എട്ടു പോയിന്റ് വീതമുള്ള എഫ്.സി. ഗോവയും മുംബൈ സിറ്റി എഫ്‌സിയുമാണ് യഥാക്രമം മൂന്നും നാലും സ്‌ഥാനങ്ങളില്‍. ഈസ്‌റ്റ് ബംഗാളുമായി പോയിന്റില്‍ തുല്യത പാലിക്കുന്ന ബംഗളുരു എഫ്.സി പോയിന്റ് പട്ടികയില്‍ ആറാമതുണ്ട്.
പുതിയ പരിശീലകന്‍ ഡേവിഡ് കറ്റാലയ്‌ക്കു കീഴില്‍ മുടന്തുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. നായകന്‍ അഡ്രിയാന്‍ ലൂണ ഉള്‍പ്പെടെയുള്ളവരുടെ അസാന്നിധ്യം ഓരോ കളിയിലും മുഴച്ചുനില്‍ക്കുകയാണ്. പകരമെത്തിച്ച താരങ്ങള്‍ ക്ലിക്കാകാത്തത് കറ്റാലയ്‌ക്കു തലവേദനയാണ്. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ടു ഗോളിനു കീഴടങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സ് സീസണിനു തുടക്കമിട്ടത്. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയായിരുന്നു എതിരാളി. മഞ്ഞപ്പടയ്‌ക്കു മുന്നില്‍ ഒരു ഗോളിനു ബ്ലാസ്‌റ്റേഴ്‌സ് മുട്ടുകുത്തി. പിന്നീട് ഇന്റര്‍ കാശിക്കെതിരേ ജയം പ്രതീക്ഷിച്ചു കളത്തിലെത്തിയെങ്കിലും സ്വന്തം തട്ടകത്തില്‍ ടീം മൂന്നാം തോല്‍വി വഴങ്ങി. ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു പരാജയം.
തോറ്റെങ്കിലും വിക്‌ടോര്‍ ബെര്‍തോമിയിലൂടെ സീസണിലെ ആദ്യഗോള്‍ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. അക്കൗണ്ട് തുറന്നില്ലെന്ന നാണക്കേട് ഒഴിവായെന്നു മാത്രം. കഴിഞ്ഞ ഏഴിനു നടന്ന നാലാം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയോടു വീണ്ടും തോല്‍വി. കൊച്ചിയില്‍ ഇത്തവണ ആദ്യപകുതിയിലെ ഒറ്റഗോളിനായിരുന്നു ചെന്നൈയിന്റെ ജയം.
തുടര്‍ത്തോല്‍വിക്ക് അന്ത്യം കുറിക്കുകയെന്ന വമ്പന്‍ വെല്ലുവിളിയാണ് കൊല്‍ക്കത്തയില്‍ ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത്. പുതുതായി ടീമിലെത്തിച്ച സെനഗല്‍ താരങ്ങളായ ഫാളൗ എന്‍ദിയായി, ഔമര്‍ ബാഹ്, സ്‌കോട്ട്‌ലന്‍ഡ് താരം ജായ് ക്വിറ്റോംഗോ എന്നിവര്‍ ഇന്നു കളത്തിലിറങ്ങാന്‍ സാധ്യതയുണ്ട്. എഫ്.സി. ഗോവയ്‌ക്കെതിരേ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയാണ് എതിരാളികളായ ഈസ്‌റ്റ് ബംഗാള്‍ എത്തുന്നത്. ഐ.എസ്.എലില്‍ ഇതുവരെ ഇരു ടീമുകളും ഏറ്റുമുട്ടിയ 12 കളികളില്‍ ആറെണ്ണം ജയിച്ചതിന്റെ മേല്‍ക്കൈ ഈസ്‌റ്റ് ബംഗാളിനുണ്ട്. മൂന്നു കളികളിലാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയമധുരം നുകര്‍ന്നത്. മൂന്നെണ്ണം സമനിലയില്‍ അവസാനിച്ചു.