-->
സ്വാര്‍ത്ഥത നിറഞ്ഞ ഈ ലോകത്ത് നിസ്വാര്‍ത്ഥരായി ജീവിക്കുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. എങ്കിലും നമ്മുക്ക് ചുറ്റും ഇന്നും ഇതുപോലെയുള്ള ആളുകള്‍ ഉണ്ടെന്നുളളത് ആശ്വാസകരമാണ്. കാരണം നാം കാണിക്കുന്ന ഒരു ചെറിയ അനുകമ്പയോ സഹായമോ മതി ഒരു ജീവന്‍ തന്നെ രക്ഷപ്പെടാന്‍. അത് മനുഷ്യരോടായിക്കൊള്ളണം എന്നില്ല, ഏത് ജീവിയോടും ദയയും സ്‌നേഹവും കരുതലും സൂക്ഷിക്കുന്നവരാണ് മനുഷ്യത്വമുള്ളവര്‍. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഈ കുഞ്ഞുവീഡിയോയില്‍ കാണുന്നത് തിരക്കേറിയ ഒരു റോഡില്‍ വാഹനങ്ങളുടെ നടുവില്‍ ഭയന്നിരണ്ട് നില്‍ക്കുന്ന ഒരു നായക്കുട്ടിയെ ആണ്. എന്നാല്‍, ഒരു സൊമാറ്റോ റൈഡറുടെ നന്മ നിറഞ്ഞ പ്രവൃത്തി നായക്കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു. ദേവേഷ് അഗര്‍വാള്‍ എന്ന സൊമാറ്റോ ഡെലിവറി എക്‌സിക്യൂട്ടീവ് ആണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. എല്ലാവരേയും പോലെ ദേവേഷിനും ആ നായക്കുഞ്ഞിനെ അവഗണിച്ചുകൊണ്ട് തന്റെ വഴി പോകാമായിരുന്നു. എങ്കിലും, ആ യുവാവ് അത് ചെയ്തില്ല. അയാള്‍ നായക്കുട്ടിയെ രക്ഷപ്പെടുത്തി തനിക്കൊപ്പം കൂട്ടുകയായിരുന്നു. വീഡിയോയില്‍ നടന്ന സംഭവങ്ങളെ കുറിച്ച് ദേവേഷ് വിശദീകരിക്കുന്നതും കാണാം.
നിറയെ വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്ന റോഡില്‍ ആകെ ഭയന്നരണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ നില്‍ക്കുകയായിരുന്നു നായക്കുട്ടി. ആ സമയത്ത് ദേവേഷ് ഒട്ടും അമാന്തിച്ച് നില്‍ക്കാതെ അതിന്റെ അടുത്തെത്തുകയും അവനെയും തനിക്കൊപ്പം കൂട്ടുകയും ചെയ്യുകയായിരുന്നു. ആദ്യം ദേവേഷ് ആ നായക്കുട്ടിയുടെ അമ്മയെ കണ്ടെത്താന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍, ആ ശ്രമം വിഫലമായതോടെ അവനെ വഴിയില്‍ ഉപേക്ഷിക്കാതെ തനിക്കൊപ്പം കൂട്ടുകയായിരുന്നു. പിന്നീട്, അവന് ഡുഗ്ഗു എന്ന് ദേവേഷ് പേര് നല്‍കുകയും ചെയ്തു. ദേവേഷിന്റെ ബാഗില്‍ സമാധാനത്തോടെ ഇരിക്കുന്ന നായയേയും വീഡിയോയില്‍ കാണാം. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.