-->
റോഡപകടങ്ങളുമായി ബന്ധപ്പെട്ട അനേകായിരം വാര്‍ത്തകളും വീഡിയോകളുമാണ് ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പൂനെയിലെ സംഗംവാടി റോഡില്‍ യുവതി, യുവാവിനെ കാറിന്റെ ബോണറ്റില്‍ രണ്ട് കിലോമീറ്ററോളം ദൂരം വലിച്ചിഴക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഏതാണ്ട് 60 കിലോമീറ്റര്‍ വേഗതയിലാണ് ഇവര്‍ കാറോടിച്ചത്. ഒരു റോഡപകടത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിന് പിന്നാലെയാണ് യുവതി ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രങ്കുവയ്ക്കപ്പെടുകയും യുവതിക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുകയും ചെയ്തു.
ജനുവരി 17 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ രാം റാത്തോഡ് എന്നയാളെയാണ് കാറില്‍ വലിച്ചിഴച്ചതെന്നും ഇയാളുടെ കൈയുടെ എല്ലിന് പൊട്ടലുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എക്‌സില്‍ പങ്കിട്ട ഒരു വീഡിയോയില്‍, ഓടുന്ന കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടക്കുന്ന രാം റാത്തോഡിനെ കാണാം. ഇയാളെ പിന്നാലെ വന്ന വാഹനത്തിലുള്ളവര്‍ റോഡില്‍ വീണ് കിടക്കുന്നതായി കണ്ടെത്തി. 34-കാരനായ രാം റാത്തോഡ് സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സംഭവത്തിന്റെ നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നലെ ജനുവരി 19 തിങ്കളാഴ്ച പോലീസ് റാത്തോഡിനെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി.
ഒരു ദിവസത്തിന് ശേഷം, ഒരു എന്‍ജിഒയില്‍ ജോലി ചെയ്യുന്ന ബനേര്‍ നിവാസിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധമായി വാഹനമോടിച്ചതിനും ഇവരെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി, ജാമ്യത്തില്‍ വിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 17 ന് യെര്‍വാഡയില്‍ നിന്ന് ശിവാജിനഗറിലേക്ക് പോകുകയായിരുന്ന യുവതിയുടെ കാര്‍ സംഗംവാടി റോഡില്‍ ഒരു ബൈക്കില്‍ ഇടിച്ചുവെന്ന് ലക്ഷ്മിനഗര്‍ പോലീസ് സ്‌റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ രവീന്ദ്ര കദം പറഞ്ഞു. ഇതോടെ ബൈക്ക് ഓടിച്ചിരുന്നയാളും ഒരു കുട്ടിയുള്‍പ്പെടെയുള്ള കുടുംബവും ബൈക്കില്‍ നിന്നും താഴെ വീണു. ഈ സമയം യുവതി കാര്‍ റിവേഴ്‌സ് ഗിയറില്‍ ഇട്ട് എടുത്തപ്പോള്‍ റാത്തോഡിന്റെ വാഹനത്തില്‍ ഇടിച്ചു. ഇതോടെ രാം റാത്തോഡ് യുവതിയുടെ കാറിനെ പിന്തുടരുകയും തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. രാം റാത്തോഡ് യുവതിയുടെ വാഹനത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ യുവതി വാഹനം മുന്നോട്ട് എടുക്കുകയും സ്വയം രക്ഷാര്‍ത്ഥം രാം റാത്തോഡ് ബോണറ്റിലേക്ക് ചാടിക്കയറുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു.
Pune Shocker: Woman Drags Man On Car Bonnet For 2 Km After Argument On Sangamwadi Road; Video Goes Viral pic.twitter.com/cOrKQQjM72— Momentum News (@kshubhamjourno) January 19, 2026
റാത്തോഡുമായി യുവതി മണിക്കൂറില്‍ 5060 കിലോമീറ്റര്‍ വേഗതയില്‍ ഏകദേശം രണ്ട് കിലോമീറ്ററോളം വാഹനം ഓടിച്ചു. ഇതോടെയാണ് മറ്റു വാഹനങ്ങളിലുള്ളവര്‍ വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. യുവതി കാര്‍ സഡന്‍ ബ്രേക്ക് ഇട്ടപ്പോള്‍ റാത്തോഡ് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഇതിനിടെ ഇയാളുടെ കൈക്ക് പോട്ടലേറ്റു. കാര്‍ ഇടിച്ച ദമ്പതികള്‍ക്കും അവരുടെ കുട്ടിക്കും നിസ്സാര പരിക്കേറ്റെന്നും പോലീസ് അറിയിച്ചു.