-->
ആലപ്പുഴ: അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച വിഷയത്തില്‍ ജാക്കി ഒടിഞ്ഞുപോയതാണ് അപകടകാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞതായി എംഎല്‍എ ദലീമ. പണി നടക്കുന്നതിനാല്‍ ഇതിലെയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നതായും തൊഴിലാളികള്‍ പറഞ്ഞിരുന്നെന്ന് വ്യക്തമാക്കി. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് അപകടത്തില്‍ മരിച്ചത്.
വാഹനത്തിന്റെ ഡ്രൈവര്‍ രക്ഷപ്പെടുന്നതിനായി കൈകള്‍ ഉയര്‍ത്തി കാണിക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ മനുഷ്യസഹജമായി ഒന്നും ചെയ്യാനാവുമായിരുന്നില്ല. മൂന്ന് മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ നില്‍ക്കേണ്ടി വന്നത് മരണത്തിലേക്ക് നയിച്ചെന്നും നാട്ടുകാര്‍ പറയുന്നു. അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഗര്‍ഡറിനടിയില്‍ കുടുങ്ങിയ പിക്ക് അപ്പ് വാന്‍ ഡ്രൈവറാണ് മരിച്ചത്. ഡ്രൈവര്‍ ഇരുന്ന ഭാഗത്തിന് മുകളിലേക്ക് തകര്‍ന്നുവീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്.
'ഫയര്‍ ഫോഴ്സും പൊലീസുമടക്കം സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും മനുഷ്യരെക്കൊണ്ട് ഒന്നും സാധ്യമാകുമായിരുന്നില്ല. ക്രെയിന്‍ എത്തി ഗര്‍ഡര്‍ ഉയര്‍ത്തി മാറ്റുന്നത് വരെ നോക്കി നില്‍ക്കേണ്ടി വന്നു. മൂന്ന് മണിക്കൂര്‍ ഒരാള്‍ക്ക് അതിനുള്ളില്‍ കിടക്കേണ്ടി വന്നു എന്നത് ഖേദകരമായ കാര്യമാണ്. സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ച്ചയാണ്. നാട്ടിലെ ജനങ്ങള്‍ക്ക് റോഡിന്റെ സൈഡിലൂടെ നടന്ന് പോകാന്‍ പോലും കഴിയാത്ത സാഹചര്യമാണ്.' നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.
ഗര്‍ഡര്‍ കയറ്റുന്ന സമയത്ത് വാഹനം കടത്തി വിടാറില്ല. രാത്രി പൊലീസ് ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. അപകട വിവരം അറിഞ്ഞ ഉടന്‍ വിളിച്ചപ്പോള്‍ പൊലീസ് സ്ഥാലത്ത് ഉണ്ടായിരുന്നതായും പറഞ്ഞു. വാഹനങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് പണി നടക്കുന്നത്. വാഹനം കടത്തിവിടാതിരിക്കാനോ പണി നിര്‍ത്താനോ സാധിക്കില്ല. സുരക്ഷ പാലിക്കണം എന്ന് പറഞ്ഞിരുന്നു. കളക്ടറെയടക്കം വിവരമറിയിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രിയെയും മുഹമ്മദ് റിയാസിനെ വിവരമറിയിച്ചിട്ടുണ്ട്. ജാക്കി ഒടിഞ്ഞ് പോയതാണ് അപകടത്തിന് കാരണമായത് എന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. വാഹനം കടത്തിവിട്ടില്ല എന്നും തൊഴിലാളികള്‍ പറഞ്ഞിരുന്നു.' ദലീമ കൂട്ടിച്ചേര്‍ത്തു.
അതേസമയം മുകളില്‍ കയറ്റി വച്ചിരുന്ന ഗര്‍ഡര്‍ തെന്നി വീണതാണെന്ന സംശയമാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. ഗര്‍ഡര്‍ വീണത് കാണുമ്പോള്‍ തെന്നി വീണത് പോലെയാണ് തോന്നുന്നത് എന്നും സംഭവിച്ചത് വലിയ വീഴ്ച്ചയെന്നുമായിരുന്നു നാട്ടുകാരുടെ പ്രതികരണം.