-->
വിവാഹ മോചിതയാകുന്നു എന്ന അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി ഗായിക നേഹ കക്കര്‍. ഭര്‍ത്താവിനെയും കുടുംബത്തെയും വിവാദങ്ങളിലേക്ക് വെറുതെ വലിച്ചിഴയ്ക്കരുതെന്നും നേഹ പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നേഹ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയത്.
‘എന്റെ നിരപരാധിയായ ഭര്‍ത്താവിനെയോ പ്രിയപ്പെട്ട കുടുംബത്തെയോ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. എനിക്കറിയാവുന്ന ഏറ്റവും ശുദ്ധരായ ആളുകളാണ് അവര്‍. ഞാന്‍ ഇന്ന് എന്തായിരിക്കുന്നുവോ അത് അവരുടെ പിന്തുണ കൊണ്ടാണ്.
മറ്റ് ചില ആളുകളോടും സംവിധാനത്തോടുമാണ് എനിക്ക് ഈര്‍ഷ്യ തോന്നുന്നത്. നിങ്ങള്‍ അത് മനസ്സിലാക്കുമെന്നും എന്റെ ഭര്‍ത്താവിനെയും കുടുംബത്തെയും ഇതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അനുവദിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഇത്ര വൈകാരികമായി പെരുമാറരുതായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. മാധ്യപ്രവര്‍ത്തകര്‍ക്ക് ഒരു മണ്‍പുറ്റില്‍ നിന്ന് മലയുണ്ടാക്കാന്‍ നന്നായി അറിയാം എന്നും ഞാന്‍ പഠിച്ചു.
എന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഞാന്‍ ഇവിടെ സംസാരിക്കാന്‍ പോകുന്നില്ല. നിസ്സഹായയായ നേഹു അല്‍പം വൈകാരികമായി പെരുമാറുന്നയാളാണ്. ആരാധകരോട് ക്ഷമയും നന്ദിയും അറിയിക്കുന്നു. വിഷമിക്കേണ്ട, ഞാന്‍ ഉടന്‍ മടങ്ങി വരും. ഒരുപാട് സ്‌നേഹം ’നേഹ കക്കര്‍ കുറിച്ചു.
കഴിഞ്ഞ ദിവസം നേഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്‌റ്റോറിയാണ് ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയത്. ഉത്തരവാദിത്തങ്ങള്‍, ബന്ധങ്ങള്‍, ജോലി എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്നായിരുന്നു നേഹയുടെ പോസ്റ്റ്. ഇതോടെ ഭര്‍ത്താവ് രോഹന്‍പ്രീത് സിങ്ങുമായി താരം വിവാഹമോചനം നേടാന്‍ പോവുകയാണ് എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുകയായിരുന്നു. പാപ്പരാസികളോട് തന്റെ ഫോട്ടോ എടുക്കരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് മറ്റൊരു സ്‌റ്റോറിയും താരം പങ്കുവെച്ചിരുന്നു. ഏതാനും മിനിറ്റുുകള്‍ക്കുളളില്‍ ഇത് നീക്കം ചെയ്യുകയും ചെയ്തു. 2020 ഒക്‌ടോബറിലാണ് നേഹ കക്കറും രോഹന്‍ പ്രീത് സിങ്ങും വിവാഹിതരായത്.