-->
മെല്‍ബണിലെ സംഗീതപരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഗായിക നേഹ കക്കറിനെതിരെ പരിപാടിയുടെ സംഘാടകരായ ബീറ്റ്‌സ് പ്രൊഡക്ഷന്‍ രംഗത്ത്. നേഹയുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റം കാരണം തങ്ങള്‍ക്ക് 4.52 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും മെല്‍ബണില്‍ പരിപാടികള്‍ നടത്തുന്നതിന് തങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നും സംഘാടകര്‍ പറയുന്നു.
നേഹയുമായി നടത്തിയ പണമിടപാടുകളുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കിട്ടാണ് പ്രൊഡക്ഷന്‍ വിശദീകരണക്കുറിപ്പുമായി എത്തിയിരിക്കുന്നത്. നേഹയ്ക്കും സംഘത്തിനും നല്‍കിയ തുകകളുടെ രേഖകളും ഇവര്‍ പുറത്തുവിട്ടു. പരിപാടിക്കുശേഷം കാറില്‍ കയറുന്ന നേഹയുടെ ദൃശ്യങ്ങളും ബീറ്റ്‌സ് പ്രൊഡക്ഷന്‍ പങ്കുവെച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. മെല്‍ബണിലെ മാര്‍ഗരറ്റ് കോര്‍ട്ട് അരീനയില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ നേഹ കക്കര്‍ 3 മണിക്കൂര്‍ വൈകിയാണ് എത്തിയത്. തന്നെ കാത്തു നിന്ന ആരാധകര്‍ക്കു മുന്നില്‍ വികാരാധീനയായാണ് നേഹ പ്രതികരിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിഷയം സജീവ ചര്‍ച്ചയായി.
സംഘാടകരുടെ ഭാഗത്തുനിന്നും വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും തനിക്കും സംഘാംഗങ്ങള്‍ക്കും അവര്‍ ഭക്ഷണമോ വാഹനസൗകര്യമോ താമസ സൗകര്യമോ നല്‍കിയില്ലെന്നും ആരോപിച്ച് നേഹ രംഗത്തുവന്നിരുന്നു.പ്രതിഫലം വാങ്ങാതെയാണ് താന്‍ പരിപാടി അവതരിപ്പിച്ചതെന്നും നേഹ പറഞ്ഞു.
പിന്നാലെ നേഹയുടെ ആരോപണങ്ങള്‍ ശരിവെച്ച് പങ്കാളി രോഹന്‍പ്രീത് സിങ്ങും സഹോദരനും ഗായകനുമായ ടോണി കക്കറും രംഗത്തുവന്നു. എന്നാലിപ്പോള്‍ ബീറ്റ്‌സ് പ്രൊഡക്ഷന്റെ വിശദീകരണക്കുറിപ്പും ബില്ലുകളുടെ പകര്‍പ്പും പുറത്തുവന്നതോടെ നേഹയുടെ വാദങ്ങള്‍ പൊളിയുകയാണ്.