-->
മേഘവിസ്‌ഫോടനം പോലുള്ള പ്രകൃതിപ്രതിഭാസങ്ങള്‍ പലപ്പോഴും മനുഷ്യ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. കഴിഞ്ഞ ദിവസം ഗ്വാളിയോറിലെ അര്‍ബന്‍ ഗ്രീന്‍ സിറ്റി പ്രദേശത്തെ ജനങ്ങള്‍ അത്തരമൊരു മേഘവിസ്‌ഫോടനം ഭയന്നു. രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പ് മഴയുടെ ഒരു ലാഞ്ചന പോലുമില്ലാതിരുന്നിട്ടും രാവിലെ എഴുന്നേറ്റപ്പോള്‍ വീടുകള്‍ക്കുള്ളില്‍ പോലും വെള്ളമെത്തി. അമ്പരന്ന് പോയ പോയ കോളനിക്കാര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്.
അര്‍ബന്‍ ഗ്രീന്‍ സിറ്റില്‍ സ്ഥാപിച്ചിരുന്ന ഒരു പൈപ്പ് ലൈന്‍ തകരുന്ന കാഴ്ചയായിരുന്നു അത്. ശാന്തമായ ഒരു സിസിടിവി കാഴ്ചയായിരുന്നു തുടക്കത്തില്‍. ഒരു കെട്ടിടത്തിന്റെ ചുമരും റോഡില്‍ സ്ഥാപിച്ച ഒരു ഇരുമ്പു കൂടും കാണാം. അല്പം നിമിഷം കഴിയുമ്പോള്‍ അസാധാരണമായൊരു ശബ്ദം കേള്‍ക്കാം. നിമിഷങ്ങള്‍ക്കുള്ളില്‍ റോഡിലെ കോണ്‍ക്രീറ്റ് പൊടുന്ന ശബ്ദമാണെന്ന് വ്യക്തമാകും. അതിനകം കോണ്‍ക്രീറ്റുകള്‍ പൊട്ടി മുകളിലേക്ക് ഉയരുകയും പല ഭാഗത്ത് നിന്നായി വലിയ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നതും കാണാം. അതുവഴി പോയ ഒരു പ്രധാന ജലവിതരണ പൈപ്പ്‌ലൈന്‍ പൊട്ടുന്ന കാഴ്ചയായിരുന്നു അത്. നേരം ഇരുട്ടി വെളുക്കും മുമ്പ് അര്‍ബന്‍ ഗ്രീന്‍ കോളനി ഏരിയയിലെ വീടുകളില്‍ വെള്ളം കയറി.
വെള്ളത്തിന്റെ ശക്തമായ മര്‍ദ്ദം കാരണം പ്രദേശത്തെ ഒരു ഡസന്‍ വീടുകളില്‍ വിള്ളലുകള്‍ വീണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി വീടുകളുടെ സിറ്റൗട്ടുകള്‍ തകര്‍ന്നു. പുറത്ത് സൂക്ഷിച്ചിരുന്ന വീട്ടുപകരണങ്ങളും മറ്റും ഒഴുകിപ്പോയി. നിരവധി വീടുകളില്‍ വെള്ളം കയറി. ആളുകള്‍ വിള്ളലുകള്‍ വീണ സ്വന്തം വീട്ടുകളിലേക്ക് കയറാന്‍ ഭയക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശക്തമായ ജലപ്രവാഹത്താല്‍ മണ്ണിന്റെ ഘടന ദൂര്‍ബലമായെന്നും ഇത് വീടുകള്‍ ഇടിയാന്‍ കാരണമാകുമോയെന്നുമാണ് പ്രദേശവാസികളുടെ ഭയം. രാത്രിയില്‍ വലിയൊരു ശബ്ദം കേട്ടതായും പുറത്തിറങ്ങി നോക്കിയപ്പോള്‍ പ്രദേശം മുഴുവനും വെള്ളത്തിലായിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലായില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. സംഭവം അറിയിച്ചതിന് പിന്നാലെ മുനിസിപ്പല്‍ കമ്മീഷണര്‍ സ്ഥലത്തെത്തി ജലവിതരണ ലൈന്‍ അടയ്ക്കാന്‍ ഉത്തരവിട്ടു. പ്രദേശത്ത് സ്ഥാപിച്ചത് ഗുണനിലവാരമില്ലാത്ത പൈപ്പ് ലൈനുകളാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
#WATCH | #Gwalior: Pipeline Burst Cracks Open Ground, Floods Entire Colony In Urban Green City Area #MadhyaPradesh #MPNews pic.twitter.com/fayU8NnIj5— Free Press Madhya Pradesh (@FreePressMP) January 11, 2026