-->
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാനുള്ള നടപടികള്‍ക്ക് തുടക്കമായേക്കും. അറസ്റ്റ് വിവരം സ്പീക്കറെ എസ്‌ഐടി രേഖാമൂലം അറിയിച്ചു. എംഎല്‍എ സ്ഥാനം സ്വയം ഒഴിഞ്ഞില്ലെങ്കില്‍ അംഗത്തെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അധികാരം ഉണ്ട്. എത്തിക്സ് കമ്മിറ്റി നല്‍കുന്ന ശിപാര്‍ശ നിയമസഭ അംഗീകരിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാം.
അംഗങ്ങള്‍ക്കുണ്ടാകേണ്ട പൊതു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എത്തിക്സ് കമ്മിറ്റിയ്ക്ക് അംഗങ്ങളുടെ പരാതി ലഭിച്ചാലാണ് നടപടി. എസ്‌ഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയ ശേഷമാകും അയോഗ്യനാക്കാനുള്ള നടപടിയിലേക്ക് കടക്കുക. ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് നേരത്തേ സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കിയിരുന്നു. അയോഗ്യത സംബന്ധിച്ചും മറ്റ് അനുബന്ധ വിഷയങ്ങളിലും നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കും. രാഹുല്‍ തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും പറഞ്ഞു.
എംഎല്‍എ എന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലാതെ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും ഷംസീര്‍ വ്യക്തമാക്കി. ഒരു ജനപ്രതിനിധിക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നത് ആദ്യമാണെന്നും പറഞ്ഞു.