-->
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ അനേകം കഥകള്‍ നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ഏറെ ശ്രദ്ധനേടുകയാണ് മിസ്റ്റര്‍ പീച്ചസ് എന്ന അണ്ണാന്റെ കഥ. 2019 ഓഗസ്റ്റിലാണ് സംഭവം. ലിന്‍ഡ എന്ന അമേരിക്കന്‍ വനിത തെക്കന്‍ ഫ്‌ലോറിഡയിലെ വീടിനു പുറത്തിറങ്ങിയപ്പോള്‍ ഒരു രോമപ്പന്ത് അനങ്ങാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഒരു മാസം മാത്രം പ്രായമുള്ള ഒരു അണ്ണാന്‍കുഞ്ഞായിരുന്നു അത്. ലിന്‍ഡ അതിനെ വീടിനുള്ളിലേക്ക് കൊണ്ടുപോയി ഒരു ഐ ഡ്രോപ്പര്‍ ഉപയോഗിച്ച് വെള്ളം നല്‍കിത്തുടങ്ങി. പതിയെ ആരോഗ്യം വീണ്ടെടുത്ത അണ്ണാന്‍കുഞ്ഞ് ഖരഭക്ഷണം കഴിക്കാനും തുടങ്ങി. അവന് പീച്ച് പഴങ്ങള്‍ വലിയ ഇഷ്ടമായതിനാല്‍ ലിന്‍ഡ അവനെ 'മിസ്റ്റര്‍ പീച്ചസ്' എന്ന് വിളിച്ചു.
ലിന്‍ഡയാണ് മിസ്റ്റര്‍ പീച്ചസിനെ വളര്‍ത്തിയത്. വീടിനോട് ചേര്‍ന്നുള്ള അടച്ചുകെട്ടിയ വരാന്തയിലായിരുന്നു പീച്ചസിന്റെ താമസം. ചൂരല്‍ കൊണ്ടുണ്ടാക്കിയ ഒരു കൊട്ടയിലായിരുന്നു ഉറക്കം. ഇതറിയാവുന്നതിനാല്‍ ലിന്‍ഡയുടെ അച്ഛന്‍ മിസ്റ്റര്‍ പീച്ചസിനായി പഗോഡയുടെ മാതൃകയില്‍ മനോഹരമായ ഒരു കൂടുണ്ടാക്കി നല്‍കി. ആ പുതിയ വീട് അവന് ഏറെ ഇഷ്ടമായി. ലിന്‍ഡയുടെ മടിയില്‍ കയറിയിരുന്നും അവളോട് ചേര്‍ന്നുരുമ്മിയും മിസ്റ്റര്‍ പീച്ചസ് തന്റെ സ്‌നേഹവും നന്ദിയും പ്രകടിപ്പിച്ചു. ഏകദേശം എട്ട് മാസങ്ങള്‍ക്ക് ശേഷം, ഒരു ദിവസം രാവിലെ ലിന്‍ഡ അവനെ കാണാനെത്തിയപ്പോള്‍, അവന്‍ അപ്രത്യക്ഷനായിരുന്നു.
അവന്‍ തന്നെ വിട്ടു പോയെന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് വലിയ വിഷമമായി. എന്നാല്‍ അതായിരുന്നില്ല കഥ. രണ്ട് ദിവസത്തിന് ശേഷം, അവന്‍ വീടിന്റെ നീന്തല്‍ക്കുളത്തിന് സമീപത്തുകൂടി ഓടിവന്ന് ലിന്‍ഡയുടെ ദേഹത്തേക്ക് ഓടിക്കയറി. അവന്‍ തിരിച്ചെത്തിയിരിക്കുന്നു. അധികം വൈകാതെ പഗോഡയ്ക്കുള്ളില്‍ പനയോലകള്‍ കൊണ്ട് അര്‍ധഗോളാകൃതിയില്‍ ഒരു കൂട് മിസ്റ്റര്‍ പീച്ചസ് ഉണ്ടാക്കിയത് ലിന്‍ഡയുടെ ശ്രദ്ധയില്‍പ്പെട്ടു. അവന്‍ തന്റെ പുതിയ വീട്ടില്‍ ഒരു കൂടൊരുക്കിയിരുന്നു.
പല ദിവസങ്ങളിലും അവന്‍ തല മാത്രം പുറത്തേക്കിട്ട് ആടിനുള്ളില്‍ കിടക്കും. തോന്നുന്ന സമയത്തെല്ലാം മിസ്റ്റര്‍ പീച്ചസ് വരികയും പോകുകയും ചെയ്തു. ചില ദിവസങ്ങളില്‍ അവന്‍ വീട്ടിലുണ്ടാകും, മറ്റ് ചിലപ്പോള്‍ പുറംലോകം കണ്ടുനടക്കുകയാവും. ലിന്‍ഡയുടെ വീട്ടിലെത്തുന്ന എല്ലാവരോടും അവന്‍ ഭയമേതുമില്ലാതെ സൗഹൃദത്തോടെ ഇടപഴകി. മിസ്റ്റര്‍ പീച്ചസ് നല്‍കിയ സ്‌നേഹത്തില്‍ ആകൃഷ്ടയായ ലിന്‍ഡ, 'ദ് ലൈഫ് ഓഫ് മിസ്റ്റര്‍ പീച്ചസ്' എന്ന പേരില്‍ ഒരു കുട്ടികളുടെ പുസ്തകം രചിച്ചു. ഇന്‍സ്റ്റഗ്രാമിലും ടിക്ടോക്കിലും അവന് സ്വന്തമായി പേജുകള്‍ പോലുമുണ്ട്.