-->
ന്യൂസിലന്‍ഡില്‍ താമസിക്കുന്ന ഡോളീ പ്രജാപതി എന്ന കണ്ടന്റ് ക്രിയേര്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ന്യൂസിലന്‍ഡ് എങ്ങനെയാണ് മതപരമായ ആചാരങ്ങളെയും പരിസ്ഥിതി സംരക്ഷണത്തെയും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് വീഡിയോയില്‍ പറയുന്നത്. അവിടുത്തെ തന്റെ ജീവിത രീതികളും അനുഭവങ്ങളും വീഡിയോ ഉള്ളടക്കമായി ഇവര്‍ പങ്കുവയ്ക്കുന്നു. ഫോളേവേഴ്‌സിന്റെ നിരന്തരമുള്ള ചോദ്യമായിരുന്നു 'ന്യൂസിലന്‍ഡില്‍ ദൈവങ്ങളെ ആരാധിച്ചു കഴിഞ്ഞാല്‍ അവശിഷ്ടങ്ങള്‍ എങ്ങനെയാണ് കളയുന്നത്?' എന്നള്ളത്. ഇതിനുള്ള ഉത്തരമായിട്ടാണ് ഡോളിയുടെ വീഡിയോ. ഇന്ത്യയിലെ രീതികളില്‍ നിന്ന് വ്യത്യസ്തമായി, ന്യൂസിലന്‍ഡില്‍ വിഗ്രഹങ്ങളോ മറ്റ് പൂജാ സാമഗ്രികളോ പുഴകളിലോ തടാകങ്ങളിലോ മറ്റ് ജലാശയങ്ങളിലോ നിക്ഷേപിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് പ്രജാപതി വിശദീകരിച്ചു. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യം നടപ്പിലാക്കിയിട്ടുള്ള കര്‍ശനമായ നിയമങ്ങളെക്കുറിച്ചാണ് വീഡിയോയില്‍ സംസാരിക്കുന്നത്.
ഭാരതീയ സംസ്‌കാരത്തില്‍ പൂജാ അവശിഷ്ടങ്ങള്‍ പുണ്യനദികളില്‍ ഒഴുക്കുന്നത് പവിത്രമായ കാര്യമാണെങ്കിലും, ന്യൂസിലന്‍ഡിലെ നിയമവ്യവസ്ഥ അതിന് അനുവദിക്കുന്നില്ല. പ്രകൃതിദത്തമായ ജലസ്രോതസ്സുകള്‍ മലിനമാകാതിരിക്കാന്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു. പൂജയ്ക്കായി ഉപയോഗിക്കുന്ന പൂക്കള്‍, ഇലകള്‍, തേങ്ങ എന്നിവ 'ഗ്രീന്‍ വേസ്റ്റ് ബിന്നുകളില്‍' മാത്രമേ നിക്ഷേപിക്കാന്‍ പാടുള്ളൂ. ഇവ പിന്നീട് വളമാക്കി മാറ്റപ്പെടുന്നു. അല്ലെങ്കില്‍, ജൈവപരമായ ഈ വസ്തുക്കള്‍ സ്വന്തം പറമ്പിലെ മണ്ണില്‍ കുഴിച്ചുമൂടാവുന്നതാണ്. പുജയ്ക്ക് ശേഷം ഹോമകുണ്ഡത്തിലെ ചാരം പേപ്പറില്‍ പൊതിഞ്ഞ് കോമ്പോസ്റ്റ് ബിന്നില്‍ നിക്ഷേപിക്കണം. എന്നാല്‍ ചെറിയ അളവിലുള്ള ചാരം ചെടികള്‍ക്ക് ചുറ്റും വിതറുന്നതിന് തടസ്സമില്ലെന്നും ഡോളീ വിശദീകരിക്കുന്നു.
പ്രകൃതിയെ മലിനമാക്കാതെ തന്നെ മതപരമായ ആചാരങ്ങള്‍ എങ്ങനെയൊക്കെ നിര്‍വഹിക്കാം എന്നതിനെക്കുറിച്ച് വളരെ വ്യക്തമായ ധാരണയാണ് ന്യൂസിലന്‍ഡ് ഭരണകൂടം പൗരന്മാര്‍ക്ക് നല്‍കുന്നത്. അവിടെ വസിക്കുന്ന ഹൈന്ദവ സമൂഹം ഈ നിയമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയാണ് തങ്ങളുടെ വിശ്വാസങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകുന്നത്. പുഴകളിലോ മറ്റ് ജലാശയങ്ങളിലോ ചിരാതുകളും അഗര്‍ബത്തികളും നിക്ഷേപിക്കാന്‍ പാടില്ലെന്ന് അവര്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. 'ന്യൂസിലന്‍ഡില്‍ താമസിക്കുന്നവര്‍ പൂജാ കര്‍മ്മങ്ങള്‍ക്കായി പരമാവധി പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. ഇവ പ്രധാനമായും മണ്ണില്‍ ലയിച്ചു ചേരുന്നവയാണ്, ഇത് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ സഹായിക്കുന്നു,' അവര്‍ കുറിച്ചു. വിശ്വാസപരമായ ആചാരങ്ങള്‍ എങ്ങനെയാണ് പരിസ്ഥിതി സൗഹൃദമായ രീതിയില്‍ നിര്‍വഹിക്കപ്പെടുന്നതെന്നും, സുസ്ഥിരമായ ജീവിതശൈലിയില്‍ മതങ്ങള്‍ക്കുള്ള പങ്കും തന്റെ വീഡിയോയിലൂടെ അവര്‍ എടുത്തുകാട്ടി.