Wednesday, March 11, 2026 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 17 Mar 2025 04.48 PM

തൊട്ടാൽ പൊള്ളുന്ന നീരുറവ: കൗതുകമായി ന്യൂസിലാൻഡിലെ ഷാംപെയ്ൻ പൂൾ

newzealand, hot spring

പ്രകൃതിയുടെ മനോഹാരിത നമ്മുക്ക് ഇന്നും അഞ്ജമാണ്. കാരണം നാം ഇന്നും കാണാത്ത അനേകായിരം മാസ്മരിക കാഴ്ചകൾ പ്രകൃതി ലോകത്തിന്റെ പലഭാഗത്തും ഒളിപ്പിച്ചുവെച്ചിട്ടിണ്ട്. ഇതിനുദാഹരണമാണ് ന്യൂസിലൻഡിലെ വൈ-ഒ-ടാപുവിലെ അത്ഭുതകാഴ്ച്ച. എന്താണന്നല്ലേ? ഒരു കുളം നിറയെ ഷാംപെയ്ൻ. സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുകയും നുരഞ്ഞു പൊങ്ങുകയും ചെയ്യുന്ന ദ്രാവകം. പക്ഷേ ഷാംപെയ്ൻ കണ്ട് കുറച്ചു കോരിയെടുക്കാം എന്ന് കരുതരുത്. കാഴ്ചയിൽ കൗതുകം ഉണർത്തുമെങ്കിലും ഇത് യഥാർഥ ഷാംപെയ്നല്ല. മറിച്ച് ഒരു ചുടു നീരുറവയാണ്.

65 മീറ്റർ വ്യാസവും ഏതാണ്ട് അത്രത്തോളം ആഴവുമുള്ള അസാധാരണമായ ഒരു അഗ്നിപർവത തടാകത്തിന്റെ ഭാഗമാണ് ഈ ഷാംപെയ്ൻ പൂൾ. ഭൂമിശാസ്ത്രപരമായ ഒട്ടേറെ പ്രത്യേകതകളുള്ള സ്ഥലത്താണ് ഷാംപെയ്ൻ പൂൾ സ്ഥിതി ചെയ്യുന്നത്. ഏകദേശം 900 വർഷങ്ങൾക്കു മുൻപ് ഒരു അഗ്നിപർവത വിസ്ഫോടനത്തെ തുടർന്നാണ് ഈ ജലാശയം രൂപം കൊണ്ടത്. ജലാശയത്തിലെ വെള്ളം കരയോട് ചേരുന്ന ഭാഗത്ത് ഓറഞ്ച് നിറത്തിലാണ് കാണപ്പെടുന്നത്. ആഴമേറിയ ഭാഗത്ത് കടുത്ത പച്ച നിറമാണുള്ളത്. തിളച്ചുമറിയുന്നതുപോലെ നിരന്തരം കുമിളകളും ഉപരിതലത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. ഇവയെല്ലാം ചേരുമ്പോൾ അലൗകികമായ ഒരു കാഴ്ചയാണ് സമ്മാനിക്കുന്നത്.

കുളത്തിലെ ജലത്തിൽ അടങ്ങിയിരിക്കുന്ന വ്യത്യസ്ത ധാതുക്കളുടെയും രാസപദാർത്ഥങ്ങളുടെയും സാന്നിധ്യമാണ് വർണവിന്യാസത്തിന് കാരണം. ഷാംപെയ്ൻ പൂളിലെ ജലത്തിന്റെ താപനില ഏകദേശം 74 ഡിഗ്രി സെലേഷ്യസ് എന്ന നിലയിൽ എപ്പോഴും ഉയർന്നു തന്നെ നിലനിൽക്കും. ഭൂമിയുടെ ഉപരിഭാഗത്തിനുള്ളിൽ സംഭവിക്കുന്ന ഭൂതാപ പ്രവർത്തനങ്ങളാണ് തീവ്രമായ ചൂടിന് കാരണം. നിറവും ഭംഗിയും കണ്ട് തടാകത്തിലെ വെള്ളം ഒന്ന് തൊട്ടു നോക്കാമെന്ന് കരുതിയാൽ കൈ പൊള്ളുമെന്ന് ഉറപ്പ്. ഇതിനുപുറമേ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ ത്വക്കിന് അപകടകരവുമാണ്.

ജലാശയത്തിന് അടിയിൽ ഭൂമിയിലെ ഉയർന്ന താപനില കാരണം വാതകങ്ങൾ ജലോപരിതലത്തിലൂടെ പുറന്തള്ളപ്പെടുന്ന കാഴ്ചയാണ് കുളം നിരന്തരം തിളച്ചു മറിയുകയാണെന്ന പ്രീതി ഉണ്ടാക്കുന്നത്. ഇത്തരത്തിൽ പുറന്തള്ളപ്പെടുന്ന നീരാവിയിൽ കാർബൺ ഡയോക്സൈഡ് അടക്കമുള്ള വാതകങ്ങൾ അടങ്ങിയിട്ടുണ്ട്. ഷാംപെയ്ൻ പൂളിന്റെ ആഴങ്ങളിലേക്ക് ചെല്ലുംതോറും വെള്ളത്തിന്റെ ചൂടും ഏറിക്കൊണ്ടിരിക്കും. കാഴ്ചയിൽ ഭംഗിയുണ്ടെങ്കിലും ഷാംപെയ്ൻ പൂളിൽ നിന്നും നിരന്തരം ദുർഗന്ധം വമിക്കും എന്നതാണ് മറ്റൊരു കാര്യം. പൂളിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രജൻ സൾഫൈഡിന്റെയും ആർസെനിക്കിന്റെയും സാന്നിധ്യമാണ് ഈ ദുർഗന്ധം ഉണ്ടാക്കുന്നത്.
പ്രകൃതിയുടെ അപൂർവമായ ഈ പ്രതിഭാസം കാണുന്നതിനായി ധാരാളം സഞ്ചാരികൾ ഇവിടേയ്ക്ക് എത്താറുണ്ട്. വർഷത്തിൽ ഉടനീളം സന്ദർശിക്കാൻ അവസരമുണ്ടെങ്കിലും താരതമ്യേന തണുപ്പുള്ള ദിവസങ്ങളിൽ പ്രഭാത സമയത്ത് ഇവിടേയ്ക്ക് എത്തിയാൽ അതിമനോഹരമായ കാഴ്ച ആസ്വദിക്കാം. എന്നാൽ അപകട സാധ്യത ഏറെയുള്ളതുകൊണ്ടുതന്നെ ഷാംപെയ്ൻ പൂളിന് സമീപത്തേക്ക് പോകാൻ സന്ദർശകർക്ക് അനുവാദമില്ല. പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന നടപ്പാതയിൽ നിന്നു മാത്രമേ കാഴ്ചകൾ കാണാവൂ എന്ന് നിർദേശമുണ്ട്

Ads by Google
Ads by Google
LATEST NEWS
TRENDING NOW