-->
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം നല്‍കിയ നേട്ടം ആത്മവിശ്വാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്ന യുഡിഎഫില്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍. മുന്‍ കെപിസിസി പ്രസിഡണ്ട്മാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ എന്നിവരും മത്സരിച്ചേക്കും. ജനുവരി 15 ന് ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടക്കുമ്പോള്‍ കൂടുതല്‍ പേരുകള്‍ അറിയാനാകും.
പ്രാരംഭ ചര്‍ച്ച വയനാട്ടിലെ ബത്തേരിയില്‍ നാളെ ആരംഭിക്കുന്ന ദ്വിദിന ക്യാമ്പില്‍ നടക്കും. പാര്‍ട്ടിയിലെ യുവത്വത്തിന് കൂടുതല്‍ പരിഗണന നല്‍കണമെന്ന ആവശ്യം ഉയരുമ്പോഴാണ് സീനിയര്‍ നേതാക്കളും രംഗത്ത് വന്നിരിക്കുന്നത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെയുള് സീനിയര്‍ നേതാക്കള്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നാണ് വിവരം.
അതേസമയം പകുതി സീറ്റുകളില്‍ യുവാക്കളെയും വനിതകളെയും സ്ഥാനാര്‍ത്ഥികളാക്കിയേക്കും. മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്ക് സീറ്റ് കൂടുതല്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഘടകകക്ഷികളുമായി സീറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എംപിമാര്‍ക്ക് മത്സരിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കുന്നത്.