-->
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രേവശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഇന്നറിയാം. നാളെ ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കാനിരിക്കെ ഇന്ന് ഉച്ചയ്ക്ക് ശേഷം ചേരുന്ന മന്ത്രിസഭായോഗത്തിലാകും തീരുമാനം എടുക്കുക. ഇക്കാര്യത്തില്‍ ഹര്‍ജി പരിഗണിക്കുന്ന കോടതി സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ നല്‍കിയിരിക്കുന്ന തീയതി നാളെയാണ്.
തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തൊട്ടടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ഏറെ നിര്‍ണ്ണായകമായിരിക്കും നിലപാട്. സിപിഐഎമ്മിലെയും എല്‍ഡിഎഫിലെയും നിരവധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും തീരുമാനം വ്യക്തമാക്കുക. നേരത്തേ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടായിരുന്നു സര്‍ക്കാര്‍ എടുത്തിരുന്നത്. എന്നാല്‍ അത് വലിയ വിവാദമായി മാറുകയും തൊട്ടുപിന്നാലെ നടന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ തിരിച്ചടി നേരിടുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്തവണ നിലപാട് സര്‍ക്കാര്‍ തിരുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാകും ഇനിയെടുക്കുക. എല്‍ഡിഎഫിലെ മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും നിലപാട് വ്യക്തമാക്കുക. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാനസെക്രട്ടേറിയേറ്റ് ഇക്കാര്യത്തില്‍ എടുക്കുന്ന തീരുമാനം ആയിരിക്കും മന്ത്രിസഭായോഗത്തിലും അവതരിപ്പിക്കുക. സര്‍ക്കാര്‍ മറ്റൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകുകയും ചെയ്യും.