-->
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രേവശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യു ടേണ്‍ അടിച്ച് സിപിഐഎം. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാട് എടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനം എടുത്തിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ഔദ്യോഗികമായി അവതരിപ്പിക്കും.
നാളെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇന്ന് ഉച്ചയ്ക്ക് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം എടുക്കേണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തൊട്ടടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ എടുക്കുന്ന തീരുമാനം സര്‍ക്കാരിന് ഏറെ നിര്‍ണ്ണായകമായിരിക്കും. നേരത്തേ ശബരിമലയില്‍ സ്ത്രീകളെ കയറ്റണം എന്ന നിലപാടായിരുന്നു സര്‍ക്കാര്‍ എടുത്തത്. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ രണ്ടു സ്ത്രീകളെ പ്രവേശിപ്പിക്കുകയൂം ചെയ്തിരുന്നു.
അത് വലിയ വിവാദമായി മാറുകയും തൊട്ടുപിന്നാലെ നടന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ശക്തമായ തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാകും എടുക്കുക എന്നതാണ് വ്യക്തമാകുന്നത്. അതേസമയം മുമ്പ് സര്‍ക്കാര്‍ ഇതിന് വിരുദ്ധമായ നിലപാട് എടുത്തത് എന്തിനാണെന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്.
ഇന്ന് മൂന്ന് മണിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളെ കാണുന്നുണ്ട്. മന്ത്രിസഭായോഗത്തിന് ശേഷം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനം നടത്തും. 2018 ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് നിലപാട് എടുത്തത്. ഇത് വലിയ തിരിച്ചടിയായി മാറിയതോടെയാണ് സര്‍ക്കാര്‍ അയ്യപ്പസംഗമവും ആചാരസംരക്ഷണവും എന്ന നിലയിലേക്ക് നിലപാട് മാറ്റിയത്. നാളെ സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്യും.