-->
ആലപ്പുഴ: ഡയാലിസിസിന് വിധേയരായ രണ്ട് രോഗികള്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. അണുബാധയേറ്റതാണ് മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.
സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. പരാതിക്ക് പിന്നാലെ ഡയാലിസിസ് യൂണിറ്റ് അടച്ചുപൂട്ടി. ഡയാലിസിസിനിടെ വിറയലും ഛര്‍ദ്ദിയും ഉണ്ടായ രണ്ട് പേര്‍ ചികിത്സയില്‍ തുടരുകയാണ്. ആശുപത്രിയില്‍ നിന്നാണോ പുറത്ത് നിന്ന് എവിടെ നിന്നെങ്കിലുമാണോ അണുബാധയുണ്ടായതെന്ന പരിശോധന നടത്താനുള്ള നീക്കത്തിലാണ് ആശുപത്രി.
ഉപയോഗിക്കുന്ന ഉപകരണങ്ങളും വെള്ളവും എല്ലാ മാസവും പരിശോധന നടത്താറുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഡിഎംഒ തലത്തിലുള്ള ഒരു അന്വേഷണം നടന്നിട്ടുണ്ട്. ഡിഎംഒ റിപ്പോര്‍ട്ട് അനുസരിച്ച് ഹൈലെവല്‍ കമ്മിറ്റി പരിശോധന നടത്തും.