-->
പത്തനംതിട്ട: കണ്ണൂരിലെ കരിങ്കൊടി പ്രതിഷേധത്തിനും കഴുത്തിനേറ്റ പരിക്കിനും വിശ്രമത്തിനും ശേഷം ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് വീണ്ടും വേദിയില്‍. പത്തനംതിട്ടയില്‍ നടക്കുന്ന ആരോഗ്യവകുപ്പിന്റെ 'ആരോഗ്യം ആനന്ദം' സെമിനാര്‍ ഉദ്ഘാടനത്തിനാണ് വീണാജോര്‍ജ്ജ് വീണ്ടും വേദിയില്‍ എത്തിയത്. പത്തനംതിട്ട ഫെസ്റ്റിന്റെ ഭാഗമായിട്ടുള്ള പരിപാടിയില്‍ മന്ത്രി പങ്കെടുത്തു.
സംസ്ഥാനത്ത് ആരോഗ്യമേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും സത്യം കൊണ്ടാണ് അതിന് പ്രതിരോധം തീര്‍ക്കുന്നതെന്നും വീണാജോര്‍ജ്ജ് വ്യക്തമാക്കി. ചികിത്സയ്ക്ക് ശേഷമുള്ള ആദ്യത്തെ പരിപാടിയായിരുന്നു ഇത്. അതേസമയം ആലപ്പുഴ ജില്ലയില്‍ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന പരിപാടി കോണ്‍ഗ്രസ് സിപിഐഎം സംഘര്‍ഷത്തില്‍ കലാശിച്ചു.
നിര്‍മാണം പൂര്‍ത്തിയാകാതെയും മതിയായ ഡോക്ടര്‍മാരെ നിയമിക്കാതെയും ആശുപത്രി ഉദ്ഘാടനം നടത്താനൊരുങ്ങുന്നു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം. പ്രകടനവുമായി എത്തിയ നേതാക്കള്‍ കരിങ്കൊടി ഉയര്‍ത്തുകയായിരുന്നു. സിപിഐഎം പ്രവര്‍ത്തകര്‍ കൂടി സ്ഥലത്ത് എത്തിയതോടെ പ്രതിഷേധം കയ്യാങ്കളിയിലേക്ക് വഴിമാറി. ഇന്ന് വൈകീട്ട് മൂന്ന് മണിക്കായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്.
പട്ടണക്കാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജേന്ദ്രനും ക്ഷേമകാര്യ അദ്ധ്യക്ഷനും ലോകേഷിനും തലയ്ക്ക് പരിക്കേറ്റതായിട്ടാണ് വിവരം. കരിങ്കൊടി കാട്ടി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ സിപിഐഎം പ്രവര്‍ത്തകര്‍ എത്തുകയും ഇത് ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു. പട്ടികകൊണ്ട് അടിച്ചതിനെ തുടര്‍ന്നാണ് പരിക്കേറ്റത്. രണ്ടുപേരെയും തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.