-->
ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഞെട്ടല്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വീട്ടുടമയേയും ഭിന്നശേഷിക്കാരിയായ മകളേയും വെള്ളം പോലും നല്‍കാതെ വീട്ടുജോലിക്കാരായ ദമ്പതികള്‍ പൂട്ടിയിട്ട സംഭവമാണിത്. 70-കാരനായ വീട്ടുടമയെ മരിച്ച നിലയിലും മകളെ എല്ലും തോലുമായ നിലയിലുമാണ് കണ്ടെത്തിയത്. അഞ്ച് വര്‍ഷത്തോളമാണ് ജോലിക്കാര്‍ വീട്ടുടമയോടും മകളോടുമുള്ള ഈ ക്രൂരത തുടര്‍ന്നത്. റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനാണ് മരിച്ച 70 കാരന്‍. മകള്‍ 27 കാരിയാണ്. വീട്ടുടമയുടെ മരണവിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് സംഭവത്തെ കുറിച്ച് പരാതി ഉയര്‍ത്തിയത്.
മഹോബ ടൗണിലെ താമസക്കാരനാണ് മരിച്ച ഓംപ്രകാശ് സിങ് റാത്തോഡ്. റെയില്‍വേയില്‍ ക്ലര്‍ക്കായി ജോലി ചെയ്ത ആളായിരുന്നു ഓം പ്രകാശ്. 2016 ലാണ് ഓം പ്രകാശിന്റെ ഭാര്യ മരിച്ചത്. പിന്നാലെയാണ് തന്നെയും മകളേയും പരിചരിക്കാനും വീട്ടിലെ ജോലിക്കും ഒക്കെയായി ചര്‍ഖാരി സ്വദേശിയായ റാംപ്രകാശ് കുശ്വാഹ, ഭാര്യ റാംദേവി എന്നിവരെ ഓം പ്രകാശ് ജോലിക്ക് നിയമിച്ചത്. എന്നാല്‍, ഇവര്‍ അച്ഛനേയും മകളേയും ഒരു മുറിയില്‍ പൂട്ടിയിട്ടു. വെള്ളം പോലും കൊടുത്തില്ല. അടച്ചിട്ട മുറിയില്‍ കിടന്ന് ഇരുവരും മരിച്ചാല്‍ സ്വത്ത് തട്ടിയെടുക്കാം എന്ന് കരുതിയാണ് ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ഈ കൊടും ക്രൂരത കാണിച്ചത്. ഓം പ്രകാശിന്റെ മകള്‍ രശ്മിക്ക് ജീവനുണ്ടായിരുന്നെങ്കിലും അസ്ഥികൂടം പോലെയായിരുന്നു അവളുണ്ടായിരുന്നത്.
വീടിന്റെ മുകള്‍നിലയിലാണ് ഇരുവരെയും റാംപ്രകാശും ഭാര്യയും ചേര്‍ന്ന് പൂട്ടിയിട്ടത്. താഴത്തെ നിലയില്‍ ഇരുവരും താമസം തുടങ്ങുകയും ചെയ്തു. ഓംപ്രകാശിനെയും മകളെയും കാണാന്‍ ബന്ധുക്കള്‍ ഇടയ്ക്ക് വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍, അവര്‍ക്ക് ആരേയും കാണാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഒടുവില്‍, ഓംപ്രകാശിന്റെ മരണമറിഞ്ഞ് ബന്ധുക്കളെത്തിയപ്പോഴാണ് സത്യാവസ്ഥ പുറത്ത് വന്നത്. പോലീസിനെയും വിവരം അറിയിച്ചു. കേസന്വേഷണം നടക്കുകയാണ്. രശ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.