-->
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കോമഡി ചിത്രങ്ങളിൽ ഒന്നാണ് 'മീശ മാധവൻ'. ചേക്കിലെ കള്ളൻ മാധവനെയും ഭഗീരഥൻ പിള്ളയെയും മലയാളികൾ ഇന്നും ആഘോഷിക്കാറുണ്ട്. ട്രോളുകളായും മറ്റുമായി ഈ കഥാപാത്രങ്ങൾ ഇന്നും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.
ഇപ്പോഴിതാ പിള്ളേച്ചന്റെയും സരസുവിന്റെയും ഒരു വീഡിയോയാണ് എഐ ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുന്നത്. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായ ജഗതി ശ്രീകുമാറായിരുന്നു ഭഗീരഥൻ പിള്ളയെന്ന പിള്ളേച്ചനായി മീശ മാധവനിലെത്തിയത്. നടി ഗായത്രി വർഷയാണ് സരസു എന്ന കഥാപാത്രമായെത്തിയത്. ഇരുവരുടെയും പ്രണയമാണ് എഐയുടെ സഹായത്തോടെ ഇപ്പോൾ വീണ്ടും സൃഷ്ടിച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ, "aigigs10" എന്ന അക്കൗണ്ടാണ് പങ്കുവച്ചിരിക്കുന്നത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. നടി ഗായത്രി വർഷയും പോസ്റ്റിൽ കമന്റു ചെയ്തിട്ടുണ്ട്. "പിള്ളേച്ചാ... പുരുഷു കാണേണ്ട", "കാലം പോയ ഒരു പോക്കേ... അവിഹിതം വരെ നല്ല അവിഹിതം, ചീത്ത അവിഹിതം എന്നായി", "പുരുഷു എന്നെ അനുഗ്രഹിക്കണം" എന്നിങ്ങനെയും വീഡിയോയിൽ കമന്റുകളുണ്ട്.
2002 ലാണ് ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ് കാവ്യാ മാധവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മീശ മാധവൻ പ്രദർശനത്തിനെത്തിയത്. കോമഡിക്ക് വളരെ പ്രാധാന്യമുള്ള കുടുംബ ചിത്രത്തിൽ ജഗതി ശ്രീകുമാർ, ഗായത്രി വർഷ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, ഇന്ദ്രജിത്, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, സലിം കുമാർ എന്നിങ്ങനെ വലിയ താരനിരതന്നെ ഉണ്ടായിരുന്നു.