-->
ലക്ഷകണക്കിനു ആരാധകരുള്ള, തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. പ്രേമത്തിലൂടെ കരിയർ ബ്രേക്ക് ലഭിച്ച സായ് പല്ലവി പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളില്ലാം അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിലിടം നേടി. പുതിയ തലമുറയിലെ നടിമാരിൽ ഏറ്റവും കൂടുതൽ ഫിലിംഫെയർ അവാർഡുകൾ നേടുന്ന ഏക തെന്നിന്ത്യൻ നടി കൂടിയാണ് സായ് പല്ലവി.
എപ്പോഴും തനി നാടൻ ശൈലിയിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ ലളിതവും മനോഹരവുമായ വസ്ത്രധാരണത്തിലൂടെ ആരാധകരുടെ മനസ്സ് കവരാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കുകയാണ് താരം. സാരിയിലും സൽവാറിലുമുള്ള തന്റെ മനോഹരമായ ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. ‘‘ഞാൻ ധരിച്ച ഈ വസ്ത്രം എനിക്ക് അത്രമേൽ ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രം പങ്കുവെക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ മിനിമൽ മേക്കപ്പിലും ലളിതമായ വസ്ത്രത്തിലും അതീവ സുന്ദരിയായാണ് ചിത്രങ്ങളിൽ സായ് പല്ലവി പ്രത്യക്ഷപ്പെടുന്നത്. പതിവു പോലെ താരത്തിന്റെ പുതിയ ചിത്രങ്ങളും ഏറ്റെടുക്കുകയാണ് ആരാധകര്‍.
‘പ്രേമ’ത്തിലൂടെ മലർ മിസ്സായി വന്ന് തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ സായ് പല്ലവി ബോളിവുഡിലും ചുവടുറപ്പിക്കാനൊരുങ്ങുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിൽ സീതയായിട്ടാണ് സായ് പല്ലവി എത്തുന്നത്. രൺബീർ കപൂർ രാമനായും യാഷ് രാവണനായും അഭിനയിക്കുന്ന ഈ ചിത്രത്തിൽ സണ്ണി ഡിയോൾ, അമിതാഭ് ബച്ചൻ തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നുണ്ട്.
ഹോളിവുഡ് സാങ്കേതിക പ്രവർത്തകര്‍ അണിയറയിലുള്ള രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ‘രാമായണ’ത്തിന്റെ ഒന്നാം ഭാഗം 2026 ദീപാവലിക്ക് തിയേറ്ററുകളിൽ എത്തും. ഇതിന് പുറമെ നാഗ ചൈതന്യയ്‌ക്കൊപ്പം അഭിനയിക്കുന്ന ‘തണ്ടേൽ’ എന്ന തെലുങ്ക് ചിത്രവും സായ് പല്ലവിയുടേതായി പുറത്തിറങ്ങാനുണ്ട്.