-->
മഞ്ജുവാര്യര്‍ എന്ന താരത്തിന്റെ ഉദയം ‘സല്ലാപം’ എന്ന സുന്ദര്‍ദാസ് ചിത്രത്തിലൂടെയാണ്. ദിലീപും മനോജ് കെ ജയനും നായകന്മാരായി എത്തിയ ചിത്രത്തില്‍ ഒരു പുതുമുഖനായിക എന്ന നിലയില്‍ മികച്ച അഭിനയമാണ് മഞ്ജു കാഴ്ചവച്ചത്. പിന്നീടിങ്ങോട്ട് ഒരുപാട് മികച്ച സിനിമകളിലൂടെ കരുത്തുറ്റ കഥാപാത്രങ്ങളായി മഞ്ജു സ്ക്രീനില്‍ നിറഞ്ഞു. ഏതൊരു കഥാപാത്രവും തനിക്കിണങ്ങുമെന്ന് തെളിയിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് മഞ്ജു വാര്യര്‍ക്ക് സാധിച്ചു.
ഇപ്പോഴിതാ സല്ലാപം എന്ന ചിത്രത്തിലേക്ക് മഞ്ജു വാര്യരെ തിരഞ്ഞെടുത്തതിനെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് സിദ്ധു പനക്കല്‍. മലയാള സിനിമാലോകത്തെ ഒരു വലിയ താരത്തിന്റെ ഉദയത്തെക്കുറിച്ചാണ് ഈ പോസ്റ്റെന്നും ഷൊർണുർ ഗസ്റ്റ്ഹൗസിന്റെ ബാൽക്കണിയിൽ ഉണ്ണിയേട്ടന്റെയും സുന്ദർദാസിന്റെയും സാന്നിധ്യത്തിൽ രണ്ട് പേരെയും ചേർത്ത് നിർത്തി ഫോട്ടോക്ക് പോസുചെയ്യിപ്പിക്കുമ്പോൾ, രണ്ടുപേരെയും ജീവിതത്തിലേക്കാണ് ലോഹിസാർ ചേർത്ത് നിർത്തിയതെന്നു ദിലീപിനും മഞ്ജുവിനും അന്ന് മനസിലായിക്കാണില്ലെന്നും സിദ്ധു പനയ്ക്കല്‍ കുറിക്കുന്നു.
‘‘എല്ലാവർക്കും ശുഭദിനം..
മലയാള സിനിമാ ലോകത്തെ ഒരു വലിയ താരത്തിന്റെ ഉദയത്തെ കുറിച്ചും ആ സിനിമയുമായി ബന്ധപ്പെട്ട് കുറച്ചു കാര്യങ്ങളുമാണ് ഇന്നത്തെ പോസ്റ്റ്..
‘ഞാൻ ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അതിന്റെ കൺട്രോളർ സിദ്ധു ആയിരിക്കും...’ഇത് സുന്ദർദാസിന്റെ വാക്കാണ്.
മാലയോഗം പടത്തിൽ സിബിമലയിൽ സാറിന്റെ അസിസ്റ്റന്റ് ആയി വർക് ചെയ്യുവാൻ വന്ന സുന്ദരം, പരിചയപ്പെട്ടു കുറച്ചുനാൾ കഴിഞ്ഞപ്പോൾ പറഞ്ഞ വാക്കാണ് മുകളിൽ. ഞാൻ അന്ന് സെവൻ ആർട്സ് മോഹനേട്ടന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുകയാണ്.
ലോഹി സാറിന്റെയും കിരീടം ഉണ്ണിയേട്ടന്റെയും ഉത്സാഹത്തിൽ സംവിധാനം ചെയ്യാനുള്ള ഓഫർ വന്നപ്പോൾ ഞാൻ അതിന് ആയിട്ടില്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറാൻ ശ്രമിച്ച ആളാണ് സുന്ദരം. തനിക്കതു പറ്റും എന്ന ഗുരുനാഥൻ സിബിസാറിന്റെ ഉറപ്പിലാണ് സുന്ദരം സംവിധാനം ചെയ്യാൻ തയ്യാറായത്.
ആ കാലത്ത് ലോഹിസാർ എഴുതുന്ന സിനിമകളുടെ സെറ്റിൽ വെച്ചാണ് അന്ന് സല്ലാപം എന്ന് പേരിട്ടിട്ടില്ലാത്ത ആ സിനിമയുടെ വളർച്ച തുടങ്ങുന്നത്.
സാദരം എന്ന ഉണ്ണിയേട്ടന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. സ്ക്രിപ്റ്റ് ലോഹിസാർ. സംവിധാനം ജോസ്തോമസ് , അസ്സോസിയേറ്റ് ഡയറക്ടർ സുന്ദർദാസ്.
ആ സെറ്റിൽ ഒരു കലാകൗമുദിയുടെ കവർ പേജ് കണ്ടു...കലാതിലകം മഞ്ജുവാര്യരുടെ.
അത് കണ്ട ലോഹിസാർ തന്റെ ചില നാടൻ കഥാപാത്രങ്ങൾ പോലെ ഉണ്ടല്ലോ ഈ കുട്ടി എന്ന് പറയുകയും ചെയ്തു. ആ സെറ്റിലും സുന്ദരത്തിന്റെ സിനിമയുടെ ചില ചർച്ചകൾ നടന്നുപോകുന്നുണ്ട്.
സല്ലാപത്തിന്റെ കഥയുടെ ചില വിശദാംശങ്ങൾ ആയ സമയത്ത് ലോഹി സാറും സുന്ദരവും ഷൊർണുരിൽ ഒരു സിനിമ കാണാൻ പോയി.
സംവിധായകൻ കരീമിന്റെ ‘ഏഴരക്കൂട്ടം’. പടം കണ്ടിറങ്ങിയ ലോഹിസാർ സല്ലാപത്തിലെ ഒരു പ്രധാന കഥാപാത്രമായ ശശികുമാറിനെ ആ അരയിൽ, ദിലീപിൽ കണ്ടെത്തി.
സുന്ദരം വാക്ക് പറഞ്ഞപോലെ കൺട്രോളർ ആയി എന്നെ തീരുമാനിച്ചു. സല്ലാപത്തിലെ ദിവാകരൻ എന്ന കഥാപാത്രം ഉരുത്തിരിഞ്ഞപ്പോൾ രണ്ട് ഓപ്ഷൻ ഉണ്ടായിരുന്നു. മനോജ് കെ ജയനും, ബിജു മേനോനും. മനോജിനെ ബന്ധപ്പെട്ടു. പുള്ളിക്ക് സമ്മതം. പക്ഷെ ഞങ്ങളുടെ ഡേറ്റ് തുടങ്ങാനിനിരിക്കുന്ന മനോജിന്റെ മറ്റൊരു സിനിമയുടെ ഡേറ്റുമായി ക്ലാഷ് ആകുമോ എന്ന സംശയം. അവരുടെ പക്കാ ഡേറ്റ് ആയിട്ടില്ല. ലോഹി സാറിന്റെ സ്ക്രിപ്റ്റ് ആയതുകൊണ്ട് ഉപേക്ഷിക്കാനും വയ്യാത്ത അവസ്ഥയിൽ മനോജ്.
സുന്ദരത്തിന്റെ ആദ്യ പടമല്ലേ ക്ലാഷുകൾ പാടില്ല. ബിജുമേനോനെ സമീപിക്കാൻ തീരുമാനിച്ചു. ബിജുമേനോനും ഞാനും നല്ല ബന്ധമാണ്. ബിജുവിന്റെ ആദ്യ സിനിമ പുത്രന്റെ പ്രൊഡക്ഷൻ മാനേജർ ഞാനായിരുന്നു. ഞാനും സുന്ദരവും ഗുരുവായൂർ വന്നു. അവിടെ അന്ന് രാജസേനൻ സാറിന്റെ സത്യഭാമക്കൊരു പ്രേമലേഖനം എന്ന പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്.
ബിജുമേനോനാണ് ഹീറോ. ബിജുവിനോട് കാര്യം പറഞ്ഞു. ബിജുവിനും സന്തോഷം. പക്ഷെ സേനൻ സാറിന്റെ പടം കഴിഞ്ഞാൽ ഉടൻ ഹരിഹരൻ സാറിന്റെ പടം തുടങ്ങുമെന്നും. ആ പടത്തിന് കുറച്ച് ദിവസം കൂടുതൽ വേണം എന്ന് ബിജു പറഞ്ഞു..
ഞങ്ങൾ മടങ്ങി. എന്നാൽ അന്ന് ബിജു പറഞ്ഞ ബിജു നായകനായ ആ ഹരിഹരൻ സാർ പടം ഇതുവരെ തുടങ്ങിയിട്ടില്ല എന്നതൊരു സത്യം.
അതിനിടക്ക് മനോജിന്റെ ഡേറ്റ് പ്രശ്നം തീരുകയും സല്ലാപത്തിന് ആവശ്യമുള്ള ഡേറ്റ് തരികയും ചെയ്തു. രാധയായി ആനിയെയും ഫിക്സ് ചെയ്തു.
ലോഹിസാർ ആനിയുടെ അങ്കിളുമായി സംസാരിച്ചു. കഥയും കഥാപാത്രങ്ങളും ലോഹിസാറിന്റെ മനസ്സിൽ കൂടുതൽ മിഴിവോടെ വളർന്നുവരുംതോറും തന്റെ രാധക്ക് പറ്റുന്ന രൂപമല്ല ആനിക്ക് എന്ന് ലോഹിസാറിന് മനസിലായിതുടങ്ങി.
അപ്പോഴാണ് ലോഹിസാറിന്റെ മനസിലേക്ക് ആ കവർപേജ് വീണ്ടും കടന്ന് വരുന്നത്. സാദരം പടത്തിന്റെ സെറ്റിൽ കണ്ട കവർപേജ്. കിരീടം ഉണ്ണിയേട്ടൻ അത് സൂക്ഷിച്ചു വെച്ചിരുന്നു. അന്ന് കണ്ണൂർ മേലെചൊവ്വയിൽ (അതോ ഇടചൊവ്വയോ) താമസമായിരുന്നു മഞ്ജുവിന്റെ കുടുംബം. അവിടെ ഒരു ഫൈനാൻസ് കമ്പനിയിൽ മാനേജർ ആയിരുന്നു മഞ്ജുവിന്റെ അച്ഛൻ മാധവേട്ടൻ. ഒരു പിപി നമ്പറിൽ വിളിച്ച് ഇങ്ങനെ ഒരു ടീം അങ്ങോട്ട് വരുന്നുണ്ട് എന്ന് അവരെ അറിയിച്ചു.
പിന്നീട് ഡയറക്ടർ ആയ തോമസുകുട്ടി ( തോമസ് സെബാസ്റ്റിയൻ)തോമസുകുട്ടി അന്ന് സിബിസാറിന്റെ അസിസ്റ്റന്റ് ആണ്. സുധീഷ് ശങ്കർ എന്നിവരോടൊപ്പം സുന്ദരം മഞ്ജുവിനെ കാണാൻ പോയി. പെണ്ണ് കാണാൻ ചെല്ലുന്ന ഒരുക്കങ്ങൾ പോലെ പലഹാരങ്ങളും മറ്റും... എന്നാണ് സുന്ദരം അതേപ്പറ്റി പിന്നീട് പറഞ്ഞത്. സ്വാഭാവികമായ മഞ്ജുവിന്റെ ചില ചലനങ്ങളും, സംസാരങ്ങളും, ചിരിയും എല്ലാം അന്ന് വിഡിയോയിൽ ഷൂട്ട് ചെയ്തു. ലോഹിസാറും, ഉണ്ണിയേട്ടനും, സിബിസാറും അത് കണ്ടു. ‘ഇതുതന്നെ രാധ’ എന്ന് തീരുമാനമായി. എന്നാലും നേരിട്ട് ഒന്ന് കാണാൻ ലോഹിസാർ തീരുമാനിച്ചു. തോമസുക്കുട്ടിയെ വിട്ട് മഞ്ജുവിന്റെ അളവ് ഡ്രെസ്സുകൾ കൊണ്ടുവന്നു. ഡ്രസ് റെഡി ആയ ശേഷം മഞ്ജുവിനെ ഷൊർണുർ ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചുവരുത്തി.
ഇപ്പോഴത്തെ പ്രശസ്ത സംവിധായാകൻ ബ്ലസി ആണ് അന്ന് സുന്ദരത്തിനെ അസോസിയേറ്റ് ഡയറക്ടർ. മാധവേട്ടനും മാധവേട്ടന്റെ ഒരു സുഹൃത്തും മഞ്ജുവും കൂടിയാണ് വന്നത്. നടന്നുവരുന്നതും ഓടി വരുന്നതും വിഡിയോയിൽ പകർത്തി. ഞാനും ലോഹിസാറിന്റെ അന്നത്തെ ഒരു സഹായി സന്തോഷുമാണ് അന്ന് മഞ്ജുവിന്റെ കൂടെ നടന്നു അഭിനയിച്ചത്. നടന്നുള്ള സംസാരമൊക്കെ ഷൂട്ട് ചെയ്യാൻ.
‘തള്ളേനെ ഞാൻ എങ്ങിനെയാ വീഴ്ത്തിനറിയോ നാലു പരിപ്പ് വടേം ഒരുകെട്ട് പുകയിലേം എന്ന ഡയലോഗ് ഒക്കെ പറഞ്ഞു നന്നായി അഭിനയിച്ചു മഞ്ജു.’ മഞ്ജുവിന് കുറച്ച് ഉയരം കൂടുതലാണോ എന്ന സംശയത്തിൽ ദിലീപിനെ വരുത്തി ഷൊർണൂർ ഗസ്റ്റ്ഹൗസിന്റെ ബാൽക്കണിയിൽ ഉണ്ണിയേട്ടന്റെയും സുന്ദർദാസിന്റെയും സാന്നിധ്യത്തിൽ രണ്ട് പേരെയും ചേർത്ത് നിർത്തി ഫോട്ടോക്ക് പോസുചെയ്യിപ്പിക്കുമ്പോൾ, രണ്ടുപേരെയും ജീവിതത്തിലേക്കാണ് ലോഹിസാർ ചേർത്ത് നിർത്തിയതെന്നു ദിലീപിനും മഞ്ജുവിനും അന്ന് മനസിലായിക്കാണില്ല. (പിന്നീട് ആ ബന്ധം തകർന്നത് സങ്കടത്തോടെ കണ്ടവരാണ് ഞങ്ങൾ)
മഞ്ജുവാര്യരായി വന്ന് രാധയായി തിരിച്ചുപോയി മഞ്ജു. സല്ലാപത്തിനു മുൻപ് സാക്ഷ്യം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട് മഞ്ജുവാര്യർ. നായികയായി തീരുമാനിച്ച ശേഷം ഞാനും സുന്ദരവും മദ്രാസിൽ എവിഎം സൗണ്ട് ആന്‍ഡ് ലൈറ്റ് എന്ന ഡബ്ബിങ് തീയേറ്ററിൽ സാക്ഷ്യത്തിന്റെ ഡബ്ബിങ് നടക്കുന്നുണ്ടെന്നറിഞ്ഞു അവിടെ ചെന്നു. മഞ്ജു അഭിനയിച്ച സീൻ കാണാൻ പറ്റുമോ എന്നറിയാൻ. അന്ന് വൈകീട്ട് തിരിച്ചു പോകേണ്ട ഒരാർട്ടിസ്റ്റിന്റെ ഡബ്ബിങ് തിരക്കിട്ടു നടക്കുന്നതിനാൽ അന്ന് ഞങ്ങൾക്കതിനു സാധിച്ചില്ല.
സല്ലാപത്തിനു ശേഷം ക്രമേണ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു മഞ്ജു.
ഇടവേളക്കു ശേഷം തിരിച്ചു വന്നപ്പോഴും ആ സ്ഥാനം പൂർവാധികം ശക്തിയോടെ നിലനിർത്താനായി മഞ്ജുവിന്. ആ കാലത്ത് സല്ലാപം, സമ്മാനം, കുടമാറ്റം, തിരകൾക്കപ്പുറം, കന്മദം എന്നീ സിനിമകൾ അവരോടൊപ്പം വർക്ക് ചെയ്തു. തിരിച്ചുവരവിൽ മോഹൻലാൽ, ലൂസിഫർ, കുഞ്ഞാലിമരക്കാർ, പ്രതി പൂവൻകോഴി,എമ്പുരാൻ എന്നീ സിനിമകളും. മഞ്ജുവിന്റെ കുടുംബവും എന്റെ കുടുംബവും തമ്മിലും നല്ല ബന്ധത്തിലാണ്. മാധവേട്ടൻ ഉള്ളപ്പോഴും മാധവേട്ടൻ പോയ ശേഷവും ആ ബന്ധം ദൃഢമായി തുടരുന്നു.
ദിലീപിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ സിനിമയാണ് സല്ലാപം. കലാഭവൻ മണി എന്ന താരോദയത്തിനും സല്ലാപം സാക്ഷ്യം വഹിച്ചു. തനിക്കതു പറ്റും എന്ന സിബിസാറിന്റെ വാക്ക് ആ വർഷം സംസ്ഥാന സർക്കാരും ശരിവെച്ചു.
പുതുമുഖ സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം സല്ലാപത്തിലൂടെ നേടിയെടുത്തു സുന്ദർദാസ്. ഇങ്ങിനെ എത്ര പേരാണ് സിനിമാലോകത്തിലേക്ക് കടന്നു വന്നു നമ്മുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയിട്ടുള്ളത്...’’ എന്നാണ് മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് സിദ്ധു പനയ്ക്കല്‍ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പഴയ സിനിമാ ഓര്‍മ്മകള്‍ പങ്കിട്ടതിന് സ്നേഹം നിറഞ്ഞ കമന്റുകള്‍ കുറിച്ചിരിക്കുന്നത്.