-->
തായ്‌കിഴവി'യിലൂട സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് നടി രാധിക ശരത്കുമാർ. നവാഗതനായ ശിവകുമാർ മുരുഗേശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തമിഴകത്ത് മാത്രമല്ല കേരളത്തിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പത്ത് ദിവസം കൊണ്ട് ആഗോളതലത്തില്‍ 50 കോടി ക്ലബ്ബിലും ഇടം പിടിച്ച ഈ കോമഡി ഡ്രാമ ചിത്രത്തിലെ രാധികയുടെ വേറിട്ട ലുക്കിനെയും അസാധാരണ പ്രകടനത്തെയും വാഴ്ത്തുകയാണ് തമിഴ് സിനിമാ ലോകവും പ്രേക്ഷകരും.
ഇപ്പോഴിതാ സിനിമയിലെ തന്റെ ലുക്ക് അതേപടി പകര്‍ത്തിയ സുഹാസിനിയോടുള്ള നന്ദി കുറിക്കുകയാണ് രാധിക ശരത്കുമാര്‍. തന്റെ കൈയിലുള്ള അച്ഛന്റെ ടാറ്റൂ വരെ അതേപടി പകര്‍ത്തിയ സുഹാസിനിയോടുള്ള സ്നേഹവും രാധിക കുറിച്ചിട്ടുണ്ട്.
‘‘എനിക്ക് ലഭിച്ച ഏറ്റവും വലിയ അഭിനന്ദനം എന്റെ പഴയ സുഹൃത്തും സമകാലികയുമായ സുഹാസിനി ഹസ്സനില്‍ നിന്നാണ്. എന്റെ ‘തായ്‌കിഴവി’ എന്ന സിനിമയ്ക്ക് വേണ്ടി അവർ വരച്ചത് എന്നെ അത്ഭുതപ്പെടുത്തി... എന്റെ കൈയിലെ അച്ഛന്റെ (എം. ആർ. രാധയുടെ) ടാറ്റൂവിലുള്ള വിശദാംശങ്ങള്‍ ഈ വരയില്‍ കണ്ട് ഞാൻ അത്ഭുതപ്പെട്ടു, ഇത് വളരെ മികച്ചതാണ്, സൂക്ഷിക്കാൻ ഒരു ഓർമ്മയാണ്. നന്ദി ഹാസിനി, ഒരുപാട് സ്നേഹം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് രാധിക സുഹാസിനി വരച്ച ചിത്രം പങ്കിട്ടിരിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സുഹാസിനി അഭിനയത്തിനുപുറമെ ഛായാഗ്രഹക കൂടിയാണ്. മികച്ചൊരു പെയിന്റര്‍ കൂടിയായ താരം വരച്ച പെയിന്റിംഗുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 27 നാണ് തിയറ്ററുകളിലെത്തിയ ചിത്രം ശിവകാർത്തികേയൻ പ്രൊഡക്ഷൻസ്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറില്‍ നടൻ ശിവകാർത്തികേയനും സുധൻ സുന്ദരവും ചേർന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. സിംഗംപുലി, അരുള്‍ദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.
70 വയസ്സുള്ള പണമിടപാടുകാരിയായ പാവുണുതായി എന്ന കഥാപാത്രമായാണ് രാധിക ചിത്രത്തിലെത്തിയത്. തന്റെ പേരിലുള്ള സ്വത്തുക്കള്‍ ആണ്‍മക്കള്‍ അവരുടെ പേരിലേക്ക് മാറ്റുന്നതിനെ പാവുണുതായി എതിർക്കുന്നു.
മരിക്കുന്നതു വരെ തന്റെ സ്വത്തുക്കള്‍ താൻ ആർക്കും വിട്ടു കൊടുക്കില്ലെന്ന് അവർ പറയുന്നു. ശരീരം തളർന്ന് കിടപ്പിലായതോടെ എന്തെങ്കിലും ലഭിക്കുമെന്ന് കരുതി അത്യാഗ്രഹികളായ അവരുടെ ആണ്‍മക്കള്‍ തിരികെയെത്തുകയും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.