-->
സൗദി അറേബ്യ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചുട്ടുപൊള്ളുന്ന മരുഭൂമികളാണ് ഓര്‍മവരുന്നത്. എന്നാല്‍ കനത്ത ചൂടില്‍ എരിയുന്ന ഈ മരുഭൂമികള്‍ ഇപ്പോള്‍ മഞ്ഞുമൂടിയ അവസ്ഥയിലാണ്. തബൂക്ക് പോലുള്ള പ്രദേശങ്ങളിലും സമീപത്തെ മലനിരകളിലും താപനില കുത്തനെ താഴുകയും കുന്നുകള്‍ മഞ്ഞണിഞ്ഞ് വെളുത്ത നിറമാകുകയും ചെയ്തു. സൗദിയിലെ ഈ അപൂര്‍വ്വ പ്രതിഭാസത്തെ തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
മണലാരണ്യത്തില്‍ മഞ്ഞു വീണുകിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.എന്നാല്‍ ഈ മനോഹരമായ കാഴ്ചയ്ക്കപ്പുറം ഭൂമിയുടെ കാലാവസ്ഥാ വ്യവസ്ഥയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന വലിയ സൂചനയാണ് ഇത് നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനം എന്നത് ദൂരെയുള്ള ഒരു ഭീഷണിയല്ലെന്നും അത് നമ്മുടെ മുന്നില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ മാറ്റങ്ങള്‍ വ്യക്തമാക്കുന്നു.
കാലാവസ്ഥാ വ്യതിയാനം എന്നാല്‍ എല്ലായിടത്തും ചൂട് കൂടുമെന്നതാണ് പലരും കരുതുന്നത്. എന്നാല്‍ അത് തെറ്റാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമി ചൂടാകുമ്പോള്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പവും ഊര്‍ജവും വര്‍ധിക്കുന്നു. ഇത് കാലങ്ങളായുള്ള കാലാവസ്ഥാ ക്രമത്തെ തകിടം മറിക്കുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അതിശക്തമായ ഉഷ്ണതരംഗങ്ങളും പ്രളയവും അപ്രതീക്ഷിത തണുപ്പും ഉണ്ടാകാന്‍ കാരണമിതാണ്. ഈ വര്‍ഷം ഇന്ത്യയും അതിന്റെ തീവ്രത നേരിട്ടറിഞ്ഞു. ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയതിന് പിന്നാലെ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍ മേഘസ്‌ഫോടനങ്ങളും പ്രളയവും ഉണ്ടായി.
ഇന്ത്യയിലും കാലാവസ്ഥാ വ്യതിയാനം വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. കൃഷിരീതികള്‍, ജലത്തിന്റെ ഉപയോഗം, നഗരാസൂത്രണം എന്നിവയെല്ലാം കൃത്യമായ കാലാവസ്ഥാ ക്രമത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഈ ക്രമം തെറ്റുമ്പോള്‍ കൃഷിനാശവും ഉഷ്ണതരംഗം മൂലമുള്ള മരണങ്ങളും വര്‍ധിക്കുന്നു. ചൂടിനെ പ്രതിരോധിക്കുന്ന നഗരാസൂത്രണവും പ്രളയത്തെ തടയാനുള്ള അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കേണ്ടത് അനിവാര്യമാണ്.
സൗദിയിലെ മഞ്ഞുവീഴ്ച ഒരു അത്ഭുത കാഴ്ചയായി കണ്ട് തള്ളിക്കളയരുതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ലോകം കൂടുതല്‍ അപകടകരമായ കാലാവസ്ഥാ മാറ്റങ്ങളിലേക്ക് നീങ്ങുകയാണെന്നതിന്റെ തെളിവാണിത്. തെക്കുകിഴക്കന്‍ ഏഷ്യയിലെ പ്രളയവും ആഫ്രിക്കയിലെ കൊടും വരള്‍ച്ചയും ദക്ഷിണ അമേരിക്കയിലെ താപനില വ്യതിയാനവും ഇതിന് ഉദാഹരണങ്ങളാണ്.
Snow has fallen in Saudi Arabia, giving Saudis a rare and unique opportunity to go sledding. pic.twitter.com/PoBR4Qqm5H— Jack Straw (@JackStr42679640) December 21, 2025