-->
കൊതുകിന്റെ കടിയേല്‍ക്കാത്തവരായി ആരും ഉണ്ടകില്ല. ചോര കിട്ടാനായി എല്ലാ മനുഷ്യരെയും കടിക്കാന്‍ കൊതുകിനു മടിയൊന്നുമില്ല, എന്നാല്‍ ചിലരിലേക്ക് കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുമത്രേ. സ്വാഭാവികമായി, ഇവര്‍ക്കു കിട്ടുന്ന കടിയും കൂടുതലാകും. എന്തുകൊണ്ടാണ് ചില ആളുകളിലേക്ക് കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത്. ന്യൂയോര്‍ക്കിലെ റോക്‌ഫെല്ലര്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ ഇതിന്റെ കാരണം കണ്ടെത്തിയിരുന്നു.
ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, യെല്ലോഫീവര്‍, സിക്ക ബാധ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന കൊതുകായ ഈഡിസ് ഈജിപ്തിയിലാണു ഗവേഷകര്‍ പഠനം നടത്തിയത്. ത്വക്കില്‍ കാര്‍ബോക്‌സിലിക് ആസിഡുകള്‍ കൂടുതലുള്ളവരെ കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിക്കാനുള്ള സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. സാധാരണ മനുഷ്യരെ അപേക്ഷിച്ച് 100 മടങ്ങാണത്രേ ഇങ്ങനെയുള്ളവരെ കൊതുകുകള്‍ ആക്രമിക്കാനുള്ള സാധ്യത. ശരീരഗന്ധം പിന്തുടര്‍ന്നാണു കൊതുകുകളെത്തുക.
ഇങ്ങനെയുള്ളവര്‍ ഭക്ഷണരീതി മാറ്റിയാലോ കൂടുതല്‍ ശുചിത്വം പാലിച്ചാലോ കാര്യമില്ല, കൊതുകുകള്‍ വേട്ടയാടുക തന്നെ ചെയ്യും. ഗവേഷണത്തിനായി 64 വൊളന്റിയര്‍മാരെ തിരഞ്ഞെടുത്ത് ഇവരുടെ ശരീരഗന്ധം പിടിച്ചെടുക്കുന്ന തരത്തില്‍ നൈലോണ്‍ സ്‌റ്റോക്കിങ്‌സുകള്‍ ഇട്ടശേഷം അതിന്റെ സാംപിളുകളിലേക്ക് കൊതുകുകളെ തുറന്നുവിട്ടായിരുന്നു പരീക്ഷണം. ചില സാംപിളുകളിലേക്ക് കൊതുകുകള്‍ കൂട്ടമായി പറന്നടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് അവയില്‍ നടത്തിയ പരീക്ഷണങ്ങളാണ് ഗവേഷണത്തിലെ കൗതുകകരമായ വിവരങ്ങളിലേക്ക് നയിച്ചത്. മാസങ്ങളെടുത്തായിരുന്നു പഠനം. ഫലങ്ങള്‍ കൂടുതല്‍ കൃത്യമാക്കുന്നതിനായി പലതവണ ഗവേഷണം തുടര്‍ന്നെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.