-->
ലോകത്ത് കൊതുകുകള്‍ ഇല്ലാത്ത ഏക രാജ്യമാണ് ഐസ്ലന്‍ഡ്. എന്നാല്‍ ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഐസ്‌ലന്‍ഡിലൊരാള്‍ വീട്ടില്‍ ഒരു കൊതുകിനെ കണ്ടെത്തിയിരിക്കുകയാണ്. അടിച്ചുകൊല്ലുന്നതിന് പകരം അദ്ദേഹം ആദ്യം ചെയ്തത് അതിന്റെ ഫോട്ടോയെടുത്ത് അധികൃതര്‍ക്ക് അയക്കുകയായിരുന്നു. ലോകം ഞെട്ടി. നിരീക്ഷണം ആവശ്യമെന്ന് ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു. കൊതുകുകള്‍ ഇല്ലാത്ത നാട് എന്നറിയപ്പെട്ടിരുന്ന ഐസ്‌ലന്‍ഡിന് ആ പദവി നഷ്ടപ്പെടുന്നതായി ഈ കണ്ടെത്തല്‍.
തണുത്ത കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിവുള്ള 'കുലിസെറ്റ അനുലാറ്റ' എന്ന കൊതുകിനും കപ്പലുകളോ ഷിപ്പിങ് കണ്ടെയ്‌നറുകളോ വഴി എത്തിയതാവുമെന്നാണ് നിഗമനം. പ്രാണിപ്രേമിയായ ബിയോണ്‍ ഹ്ജാല്‍ട്ടസണ്‍ എന്നയാള്‍ വൈന്‍ റോപ്പിങ് രീതി ഉപയോഗിച്ചു പുഴുക്കളെ ആകര്‍ഷിക്കുന്ന പരീക്ഷണം നടത്തുന്നതിനിടെയാണ് കൊതുകിനെ കണ്ടെത്തിയത്. അദ്ദേഹം അയച്ച ചിത്രം പരിശോധിച്ച് ഐസ്‌ലന്‍ഡ് നാഷനല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രാണിശാസ്ത്രജ്ഞന്‍ മത്തിയാസ് ആല്‍ഫ്രെഡ്‌സനാണ് കൊതുകിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഇവ ഐസ്‌ലന്‍ഡില്‍ പ്രജനനം ആരംഭിച്ചിട്ടുണ്ടോ എന്നറിയാന്‍ ഈ വീടും പരിസരവും നിരീക്ഷിക്കും. കണ്ടെത്തിയ കൊതുകുകളെ ശാസ്ത്രീയ ശേഖരത്തിനായി സൂക്ഷിച്ചു. ആഗോളതാപനം ഐസ്‌ലന്‍ഡിനെ കൊതുകുകള്‍ക്ക് അനുകൂലമായ സ്ഥലമാക്കിയേക്കാമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.