-->
രോഗം പരത്തുന്നതുകൊണ്ട് തന്നെ കൊതുകുകളെ കണ്ടാല്‍ അവയെ കൊല്ലാന്‍ തോന്നുന്നത് മനുഷ്യ സഹജമാണ്. ഇത്തരത്തില്‍ കൊതുകുകളെ കൊല്ലുന്നതിന്റെ രസകരമായ പല വീഡിയോകളും നാം കണ്ടിട്ടുണ്ട്. 'കൊലപ്പെടുത്തിയ' കൊതുകിന്റെ കണക്കുകളും തെളിവുകളുമായി നിരവധി വീഡിയോകള്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍, ഇത് കൊതുക് വേട്ടയുടെ പാളിപോയ ഒരു ശ്രമത്തെ കുറിച്ചാണ്. എന്താണന്നല്ലേ കൊതുകിനെ കൊല്ലാനുള്ള ആവേശത്തില്‍ നഷ്ടമായത് വീട്ടിലെ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് ടിവിയാണ്.
വീഡിയോയില്‍ വീട്ടിലെ സ്വീകരണ മുറിയിലിരുന്ന് ഒരു കുട്ടി ടിവി കാണുന്നത് കാണാം. ഇതിനിടെ അച്ഛന്‍ ഒരു മോസ്‌കിറ്റോ ബാറ്റുമായി കൊതുകിനെ പിടിക്കാന്‍ നടക്കുന്നു. കൊതുക് പറന്ന് പോയി വില കൂടിയ ടിവിയുടെ സ്‌ക്രിനില്‍ പോയി ഇരുന്നു. ഏറെ സൂക്ഷ്മതയോടെ കൊതുകിനെ മാത്രം പിടിക്കാനായി അദ്ദേഹം മോസ്‌കിറ്റോ ബാറ്റ് ടിവിയുടെ സ്‌ക്രീനില്‍ ഒന്ന് തൊട്ടു. മോസ്‌കിറ്റോ ബാറ്റില്‍ നിന്നുള്ള വൈദ്യുതി പ്രവാഹം ടിവി സ്‌ക്രീനില്‍, ഒരു നിമിഷാര്‍ദ്ധത്തേക്ക് മൂന്നാല് വരകള്‍ സൃഷ്ടിച്ചു. പിന്നാലെ സ്‌ക്രീനിലെ ദൃശ്യങ്ങളിലേക്ക് വെള്ള നിറം പടരുകയും പെട്ടെന്ന് തന്നെ ടിവി ഓഫാകുകയും ചെയ്തു.
'നിങ്ങള്‍ ഒരു കൊതുകിനെ ഉന്നം വയ്ക്കുന്നു. പക്ഷേ, നിങ്ങളുടെ ടിവിയെ കൂടി സ്വര്‍ഗത്തിലേക്ക് ഒപ്പം വിടുന്നു. മിഷന്‍ പരാജയപ്പെട്ടു. പക്ഷേ, കൊതുക് മിക്കവറും രക്ഷപ്പെട്ട് കാണും' സിസിടിവി ദൃശ്യങ്ങള്‍ പങ്കുവച്ച് കൊണ്ട് ഭള സ്റ്റുഡിയോസ് ഇന്‍സ്റ്റാഗ്രാമിലെഴുതി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതാനെത്തിയത്. മോസ്‌കിറ്റോ ബാറ്റില്‍ നിന്നുള്ള ഹൈവേള്‍ട്ടേജ്, ടിവി സ്‌ക്രീനിലേക്ക് നേരിട്ട് വൈദ്യുതി പ്രവാഹത്തിന് കാരണമായെന്നും ഇത് ടിവിയുടെ സര്‍ക്യൂട്ട് നശിപ്പിച്ചെന്നും ഒരു കാഴ്ചക്കാരനെഴുതി. മറ്റൊരാള്‍, കൊതുകിനെതിരെ സ്‌പ്രൈ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നത്തെ കുറിച്ച് മറ്റ് ചിലര്‍ ഓര്‍മ്മപ്പെടുത്തി.