-->
മാഡ്രിഡ്: യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിലെ കരുത്തന്മാരുടെ പേരാട്ടത്തില്‍ സ്പാനിഷ് ചാംപ്യന്മാരായ റയല്‍മാഡ്രിഡിനെ വീഴ്ത്തി ഇംഗ്‌ളീഷ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണേബുവിലെ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. ഒറെലിയുടേയും ഹാളണ്ടിന്റെയും ഗോളുകളിലായിരുന്നു സിറ്റിയുടെ വിജയം.
റയലിന്റെ ഗോള്‍ റോഡ്രിഗോയും നേടി. പരിക്കേറ്റ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പേയ്ക്ക് കളിക്ക് മുമ്പ് തന്നെ പരിക്കേറ്റത് തിരിച്ചടിയായി. സിറ്റിയുടെഖ പൊസഷന്‍ ഗെയിമിനെ അതിജീവിച്ച് റയലാണ് കളിയില്‍ ആദ്യം ഗോള്‍ നേടിയത്. ഇരുപത്തിയെട്ടാം മിനിറ്റില്‍ ജൂഡ് ബെല്ലിംഗ്ഹാമിന്റെ ക്രോസ്-ഫീല്‍ഡ് പാസ് സ്വീകരിച്ച് റോഡ്രിഗോ സിറ്റിയുടെ വലയിലേക്ക് തൊടുത്തു. മാര്‍ച്ചിനു ശേഷമുള്ള റോഡ്രിഗോയുടെ ആദ്യഗോളായിരുന്നു ഇത്. എന്നാല്‍ വെറും ഏഴു മിനിറ്റ് മാത്രമേ സിറ്റി പിന്നില്‍ നിന്നുള്ളൂ.
മത്സരത്തിലെ ആദ്യ വ്യക്തമായ അവസരം നേടിയ സിറ്റി ഒ'റെയ്ലി വഴി മറുപടി നല്‍കി. റയല്‍ കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിസിനെ മറികടന്ന് ജോസ്‌കോ ഗ്വാര്‍ഡിയോള ഹെഡറിലൂടെ നല്‍കിയ പാസ് അക്കാദമി ലെഫ്റ്റ് ബാക്ക് നിക്കോ ഒ'റെയ്ലി ക്ലോസ് റേഞ്ചില്‍ നിന്ന് ഗോളാക്കി മാറ്റി.
അന്റോണിയോ റൂഡിഗറിന്റെ ഫൗളിനെ തുടര്‍ന്ന് കിട്ടിയ പെനാല്‍റ്റി എര്‍ലിംഗ് ഹാലാന്‍ഡ വലയിലാക്കിയതോടെ ഇംഗ്ലീഷ് ടീം പകുതി സമയത്തിനുള്ളില്‍ തന്നെ മുന്നിലെത്തുകയായിരുന്നു. രണ്ടാം പകുതിയില്‍ സമനില നേടാന്‍ റയല്‍ കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍ സിറ്റി പ്രതിരോധം പിടിച്ചു നിന്നു. ചാമ്പ്യന്‍സ് ലീഗില്‍ റയലും സിറ്റിയും പരസ്പരം ഏറ്റുമുട്ടുന്നത് 15-ാം തവണയും തുടര്‍ച്ചയായ അഞ്ചാം തവണയുമാണ്.
റയലിന്റെ ഏറ്റവും വലിയ എതിരാളികള്‍ ബാഴ്‌സിലോണയുടെ മുന്‍ കളിക്കാരനും പരിശീലകനുമായ പെപ്പ് ഗ്വാര്‍ഡിയോളയാണ് ഇപ്പോള്‍ സിറ്റിയുടെ പരിശീലകന്‍. ഗ്വാര്‍ഡിയോളയ്ക്ക് മുന്നില്‍ റയലിന്റെ റെക്കോഡ് അത്ര മെച്ചമല്ല. ഗ്വാര്‍ഡിയോളയുമായി ബന്ധപ്പെട്ട ടീമുകള്‍ക്കെതിരേ റയല്‍ കളിച്ച 28 മത്സരങ്ങളില്‍ ഏഴെണ്ണത്തില്‍ മാത്രമേ അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.