-->
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഒന്നാംപാദ പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനും അറ്റ്‌ലാന്റയും ഗംഭീര തോല്‍വി.
ടോട്ടനത്തെ സ്‌പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡ് 5-2 നും അറ്റ്‌ലാന്റെയെ ജര്‍മന്‍ വമ്പന്‍ ബയേണ്‍ മ്യൂണിക്ക് 6-1 നും തകര്‍ത്തു. ലിവര്‍പൂളിനെ തുര്‍ക്കിയിലെ ഗളേസത്‌റെ 1-0 ത്തിനും തോല്‍പ്പിച്ചു. മുന്‍ ചാമ്പ്യന്‍ ബാഴ്‌സലോണയെ ന്യൂകാസില്‍ യുണൈറ്റഡ് 1-1 നു സമനിലയില്‍ കുരുക്കി. സ്വന്തം തട്ടകമായ റിയാദ് എയര്‍ മെട്രോപോലീറ്റാനോയിലാണ് അത്‌ലറ്റിക്കോ ടോട്ടനത്തെ തകര്‍ത്തത്. ജൂലിയന്‍ അല്‍വാറസ് രണ്ട് ഗോളുകളും മാര്‍കോ ലോറന്റെ, അന്റോയിന്‍ ഗ്രീസ്‌മാന്‍, ലെ നോര്‍മാന്‍ഡ് എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു.
പോറോ, സോലാങ്ക എന്നിവരിലൂടെയാണു ടോട്ടനം തിരിച്ചടിച്ചത്. ആദ്യ 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ടോട്ടനം വലയില്‍ മൂന്ന് ഗോളുകളെത്തി. അതോടെ ടോട്ടനത്തിന്റെ ഇടക്കാല കോച്ച് ടൂഡോര്‍ ഗോള്‍ കീപ്പര്‍ ആന്റണി കിന്‍സ്‌കിയെ പിന്‍വലിച്ചു. ഒചക്ക് റിപ്പബ്ലിക്കുകാരനായ കിന്‍സ്‌കിയുടെ ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റ മത്സരമായിരുന്നു. പകരം ഗുലിര്‍മോ വികാരിയോ ഗോള്‍ വലയം കാത്തു.
ആറാം മിനിറ്റില്‍ ലോറന്റെയിലൂടെയാണ് അത്‌ലറ്റിക്കോ ആദ്യ ഗോളടിച്ചത്. ഗ്രീസ്‌മാന്‍ 14-ാം മിനിറ്റിലും അടുത്ത മിനിറ്റില്‍ അല്‍വാറസും ഗോളടിച്ചു. വികാരിയോ എത്തി വൈകാതെ നോര്‍മാന്‍ഡിന്റെ വക ഗോളുമെത്തി. 26-ാം മിനിറ്റില്‍ പോറോയിലൂടെ ടോട്ടനം ഒരു ഗോള്‍ മടക്കി. രണ്ടാം പകുതി തുടങ്ങി വൈകാതെ അല്‍വാറസിന്റെ രണ്ടാം ഗോളെത്തി. 76-ാം മിനിറ്റിലാണ് സോലാങ്കയിലൂടെ ടോട്ടനം രണ്ടാം ഗോളടിച്ചത്‌്.
അറ്റ്‌ലാന്റയെ അവരുടെ തട്ടകമായ ന്യൂ ബാലന്‍സ് അരീനയിലാണ് ബയേണ്‍ ആറടിച്ചു വിട്ടത്. ബയേണിനായി മാര്‍കോ ഒലിച് രണ്ട് ഗോളുകളും സ്‌റ്റാനിസിച്, സെര്‍ജി നാബ്‌റി, ജാക്ക്‌സണ്‍, ജൊനാഥന്‍ മുസിയാല എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. പാലിചാണ് അറ്റ്‌ലാന്റയ്‌ക്കായി ഒരു ഗോളടിച്ചത്.
ന്യൂകാസില്‍ യുണൈറ്റഡിന്റെ തട്ടകമായ സെന്റ് ജെയിംസ് പാര്‍ക്കിലാണു ബാഴ്‌സലോണ സമനിലയുമായി രക്ഷപ്പെട്ടത്. ഒന്നാം പകുതി ഗോള്‍രഹിതമായിരുന്നു. ബാര്‍ണസിന്റെ 86-ാം മിനിറ്റിലെ ഗോളില്‍ ഇംഗ്ലീഷ് ടീം മുന്നിലെത്തി. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ലാമിലെ യമാലാണ് ബാഴ്‌സയെ തോല്‍വിയില്‍നിന്നു രക്ഷിച്ചത്.