-->
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ വരും സീസണിലെ ഉദ്‌ഘാടന മത്സരം നിലവിലെ ചാമ്പ്യന്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍.
28 നു ബംഗളുരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ഉദ്‌ഘാടന മത്സരം. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഐ.പി.എല്‍. മത്സരങ്ങള്‍ നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ആര്‍.സി.ബിയുടെ കിരീടാഘോഷവുമായി ബന്ധപ്പെട്ട് ചിന്നസ്വാമി സ്‌റ്റേഡിയത്തിനു പുറത്തുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചിരുന്നു. അതിനു ശേഷം സര്‍ക്കാര്‍ സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും തുടര്‍ മത്സരങ്ങള്‍ നടത്താന്‍ അനുമതി ലഭിക്കുക.
നാളെ സമിതി സ്‌റ്റേഡിയത്തില്‍ പരിശോധന നടത്തും. മോണ്ട് ഡ്രില്ലിനു സമാനമായ പരിശോധനകളാണു നടത്തുകയെന്നാണു സൂചന. സീസണിലെ ആദ്യ ആഴ്‌ച ദിവസവും ഒരു മത്സരം മാത്രമായിരിക്കും. രണ്ടാം ദിവസം മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. 30 നു ഗുവാഹാത്തിയില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.
31 നു നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ഗുജറാത്ത് ടൈറ്റന്‍സിനെയും നേരിടും. ഏപ്രില്‍ ഒന്നിനാണു ലഖ്‌നൗ സൂപ്പര്‍ ജയന്റും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം. സീസണിലെ ആദ്യ 20 മത്സരങ്ങളുടെ പട്ടികയാണു പുറത്തുവിട്ടത്. കേരളം, പശ്‌ചിമ ബംഗാള്‍, തമിഴ്‌നാട്, അസം തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഐ.പി.എല്‍. രണ്ട് ഘട്ടമാക്കുന്നത്. ഏപ്രില്‍ നാല്, അഞ്ച് തീയതികളിലും 11,12 തീയതികളിലും രണ്ട് മത്സരങ്ങള്‍ വീതമാണ്‌്. ആദ്യ ഘട്ടത്തില്‍ 10 ടീമുകളും നാല് മത്സരം വീതം കളിക്കും. രണ്ടാം തവണയാണ് ആര്‍.സി.ബിയും ഹൈദരാബാദും ഉദ്‌ഘാടന മത്സരത്തില്‍ കളിക്കുന്നത്. 2017 സീസണിലെ ഉദ്‌ഘാടന മത്സരത്തിലും ഇതേ ടീമുകളാണു മത്സരിച്ചത്. ഹൈദരാബാദ് നിലവിലെ ചാമ്പ്യനും ആര്‍.സി.ബി. റണ്ണര്‍ അപ്പുമായിരുന്നു. ആര്‍.സി.ബി. ഏഴ് തവണയും ഹൈദരാബാദ് ഒരു തവണയുമാണ് ഐ.പി.എല്‍. ഉദ്‌ഘാടന മത്സരത്തില്‍ കളിച്ചത്. രാജസ്‌ഥാന്‍ റോയല്‍സിന് ആദ്യ ഘട്ടത്തില്‍ ഗുവാഹാത്തിയാണ് ഹോം ഗ്രൗണ്ട്. മൂന്ന് മത്സരങ്ങളാണ് ഇവിടെ നടക്കുക. ജയ്‌പുരിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയമാണ് അവരുടെ പ്രധാന ഹോം ഗ്രൗണ്ട്. ആര്‍.സി.ബിക്കും പഞ്ചാബ് കിങ്‌സിനും രണ്ടാമത് ഒരു ഗ്രൗണ്ട് കൂടിയുണ്ട്. ആര്‍.സി.ബിക്ക് റായ്‌പുരിലും പഞ്ചാബിന് ധര്‍മശാലയിലുമാണ് സ്‌റ്റേഡിയം അനുവദിച്ചത്. 2009, 2014, 2019, 2024 സീസണുകളിലും പൊതു തെരഞ്ഞെടുപ്പ് കാരണം ഐ.പി.എല്‍. രണ്ട് ഘട്ടമായാണു നടത്തിയത്‌്്.