-->
പാലക്കാട്: തിരുവനന്തപുരം പ്രിന്‍സിലപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ കേരളം ഉറ്റുനോക്കുന്നത് പീഡനക്കേസില്‍ പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ടുചെയ്യാനെത്തുമോ എന്ന കാര്യമാണ്. 13 ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം അനുവദിച്ചെങ്കിലും എല്ലാ ദിവസവും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം അന്വേഷണത്തില്‍ ഇടപെടരുത് തുടങ്ങിയ കര്‍ശന ഉപാധികളും വെച്ചിരുന്നു. അതുകൊണ്ടു തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിന് ഒളിവ് ജീവിതം അവസാനിപ്പിക്കേണ്ടി വരും.
പാലക്കാട് കുന്നത്തൂര്‍ മേടിലാണ് രാഹുലിന്റെ വോട്ടുള്ളത്. രാഹുല്‍ വോട്ട് ചെയ്യാന്‍ എത്തിയാല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമോ ബൂത്തില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമോ തുടങ്ങിയ ആകാംഷയും ആള്‍ക്കാര്‍ക്കുണ്ട്. ആദ്യ പീഡനക്കേസില്‍ ഡിസംബര്‍ ആറിന് രാഹുലിന്റെ അറസ്റ്റ് തല്‍ക്കാലത്തേക്ക് ഹൈക്കോടതി തടയുകയായിരുന്നു. എന്നിരുന്നാലും രാഹുലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിലായെങ്കിലും രാഹുല്‍ എവിടെയെന്നതിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കേസും വന്നത്.
മുന്‍കൂര്‍ ജാമ്യം കിട്ടിയതോടെ രാഹുല്‍ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാനെത്തുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. നവംബര്‍ 27ന് രാഹുല്‍ പാലക്കാട്ടെ കണ്ണാടി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നതിനിടെയാണ് ആദ്യ കേസ്സിലെ അതിജീവിത പരാതി നല്‍കാനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. വാര്‍ത്തയറിഞ്ഞ രാഹുല്‍ സുഹൃത്തായ നടിയുടെ കാറില്‍ മുങ്ങുകയായിരുന്നു.
ആദ്യത്തെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നതിന് പിന്നാലെ തന്നെ കോണ്‍ഗ്രസ് രാഹുലിനെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നിരുന്നാലും നഷ്ടമായ പ്രതിച്ഛായ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായത്. ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തതോടെ 13 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുല്‍ പുറത്തുവന്നേക്കുമെന്നും വോട്ട് രേഖപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.