Friday, March 13, 2026 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 05 Dec 2025 02.19 PM

സൗഹൃദം നടിച്ച് കൂടെക്കൂടി: യുവാവിന് നഷ്ടമായത് 5 ലക്ഷം രൂപയുടെ ഗാഡ്‌ജെറ്റുകള്‍

man, solo, traveller, friend, steal, gadjets

ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവങ്ങള്‍ ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ആഗ്രയിലെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് ഏകദേശം 5 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ ഗാഡ്‌ജെറ്റുകള്‍ മോഷ്ടിക്കപ്പെട്ടതിന്റെ വേദനിക്കുന്ന അനുഭവം പങ്കുവച്ചിരിക്കുകയാണ് സോളോ ട്രാവലറും കണ്ടന്റ് ക്രിയേറ്ററുമായ തന്മയ് ദേശ്മുഖ്. സൗഹൃദം നടിച്ച് മുറിയിലെത്തിയ ആളാണ് മോഷണം നടത്തിയത് എന്നും തന്മയ് പറഞ്ഞു. അഞ്ച് വര്‍ഷത്തെ അധ്വാനവും, സ്വകാര്യ വിവരങ്ങളും എല്ലാം നഷ്ടപ്പെട്ടു എന്നും യുവാവ് പറയുന്നു.

ഒരാള്‍, സൗഹൃദം നടിച്ചു, തന്റെ വിശ്വാസം നേടിയെടുത്തു, പിന്നാലെ തന്റെ മൂക്കിന് താഴെ നിന്നും എല്ലാം മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു എന്നാണ് തന്മയ് തന്റെ പോസ്റ്റില്‍ പറയുന്നത്. 'കഴിഞ്ഞ 5 വര്‍ഷത്തെ എന്റെ എല്ലാ ഡാറ്റയും നഷ്ടപ്പെട്ടു... ഓരോ പ്രോജക്റ്റും, ഓരോ ഓര്‍മ്മയും. ഞാന്‍ ആഗ്രയില്‍ കണ്ടന്റ് ഷൂട്ട് ചെയ്യാനെത്തിയപ്പോള്‍ ഒരു കള്ളന്‍ എന്റെ ഹോസ്റ്റല്‍ മുറിയില്‍ കയറി ഏകദേശം 5 ലക്ഷം രൂപ വിലമതിക്കുന്ന എന്റെ എല്ലാ ഗാഡ്‌ജെറ്റുകളും മോഷ്ടിച്ചു' എന്നാണ് ദേശ്മുഖ് പോസ്റ്റിന്റെ ക്യാപ്ഷനില്‍ കുറിച്ചിരിക്കുന്നത്. തന്മയ് പൊട്ടിക്കരയുന്നതും വീഡിയോയില്‍ കാണാം. പോലീസ് തന്നെ സഹായിച്ചില്ല എന്നും സോഷ്യല്‍ മീഡിയയുടെ കരുത്തിനെ കുറിച്ച് എല്ലാവരും പറയാറുണ്ട്, സഹായം ലഭിക്കുമെന്ന് കരുതിയാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത് എന്നും യുവാവ് പറയുന്നു.

ആഗ്രയില്‍ ഒരു ഷൂട്ടിംഗിനായി എത്തിയതായിരുന്നു താന്‍. ക്യാമറ, ലെന്‍സുകള്‍, ബാറ്ററികള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു കിറ്റ് തന്റെ കൈവശം ഉണ്ടായിരുന്നു. ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ആ സമയത്ത് മുംബൈയില്‍ നിന്നുള്ളയാളാണെന്ന് പറഞ്ഞുകൊണ്ട് ഒരാള്‍ വരികയും പരിചയപ്പെടുകയും ചെയ്തു. ഈ ഹോസ്റ്റല്‍ ഒരു വൈബില്ലെന്നും വേറൊരു ഹോസ്റ്റലിലേക്ക് പോകാമെന്നും അയാള്‍ തന്നോട് പറഞ്ഞു. തന്മയ് ഭക്ഷണം കഴിക്കാനായി അങ്ങോട്ട് പോയി. യുവാവ് എത്തുമെന്ന് പറഞ്ഞെങ്കിലും എത്തിയില്ല. പകരം തന്മയുടെ ലോക്കര്‍ തകര്‍ത്ത് അതിനുള്ളിലെ സാധനങ്ങളെല്ലാം അടിച്ചുമാറ്റി മുങ്ങുകയായിരുന്നു എന്നും പോസ്റ്റില്‍ പറയുന്നു.

കുറേനേരം കാത്തിരുന്ന തന്മയ് ഫോണ്‍ വിളിച്ചെങ്കിലും ആ യുവാവ് എടുത്തില്ല. രണ്ട് മണിക്കൂറിന് ശേഷം ഹോസ്റ്റലിലെത്തി അന്വേഷിച്ചപ്പോഴാണ് അയാള്‍ ചെക്ക് ഔട്ട് ചെയ്ത് പോയി എന്ന് അറിയുന്നത് എന്നും തന്മയ് പറഞ്ഞു. കള്ളനെ പിടികൂടുമെന്നും തന്റെ സാധനങ്ങള്‍ തിരികെ കിട്ടുമെന്നുമാണ് തന്മയ് വിശ്വസിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW