-->
രണ്ടുപേര്‍ തമ്മിലുള്ള ബന്ധം അനാരോഗ്യകാരമാകുമ്പോള്‍ പരസ്പരം പിരിയുന്നത് തന്നെയാണ് ഏറ്റവും നല്ലത്. എന്നാല്‍ ഇന്ന് പലരും ഇത്തരം ടോക്‌സിക്ക് ബന്ധങ്ങളില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതില്‍ കുടുങ്ങിപ്പോകാറുണ്ട്. ഏതായാലും സമാനമായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ഇവിടെ ഒരു യുവാവ്. മുന്‍ കാമുകിയുടെ വീട്ടുകാര്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുത്തി വിവാഹം ചെയ്യിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നാണ് യുവാവിന്റെ പരാതി. ഓണ്‍ലൈനില്‍ പങ്കുവെക്കപ്പെട്ട യുവാവിന്റെ പോസ്റ്റ്, ഒരു ബന്ധം അനാരോഗ്യകരമാകുമ്പോള്‍ അത് എത്രത്തോളം അപകടകരമാകുമെന്ന് പലരെയും ആശങ്കാകുലരാക്കുന്നു.
ടോക്‌സിക് ബന്ധത്തില്‍ കുടുങ്ങിപ്പോയതിനെക്കുറിച്ച് തുറന്നുപറഞ്ഞ യുവാവ്, വഴക്കുകളും അപമാനങ്ങളും കൃത്രിമത്വങ്ങളും തുടര്‍ക്കഥയായിരുന്നു എന്ന് പറയുന്നു. റെഡ്ഡിറ്റില്‍ കുറിച്ച വാചകങ്ങള്‍ ഇങ്ങനെ: 'ഞാന്‍ മാനസികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഒരു പെണ്‍കുട്ടിയുമായി ഒരു ബന്ധത്തിലായിരുന്നു. തുടക്കത്തില്‍ കാര്യങ്ങള്‍ നല്ലതായിരുന്നു, പക്ഷേ കാലക്രമേണ ബന്ധം അങ്ങേയറ്റം വിഷലിപ്തമായി മാറി. നിരന്തരമായ വഴക്കുകള്‍, അപമാനങ്ങള്‍ എല്ലാംകൊണ്ട് ബന്ധം തുടരാന്‍ കഴിയാത്ത ഘട്ടത്തിലെത്തി. വേര്‍പിരിയലിനുശേഷം ഞാന്‍ അത് ഉപേക്ഷിച്ചു, എനിക്ക് മുന്നോട്ട് പോകാന്‍ മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. കുറച്ച് മാസങ്ങള്‍ക്ക് ശേഷം, സത്യമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് അവള്‍ എനിക്കെതിരെ ഒരു ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. എന്റെയും അവളുടെയും കുടുംബത്തില്‍ നിന്നുള്ള ധാരാളം സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷം, 'നാട്ടുകാര്‍ എന്ത് കരുതും' എന്ന തോന്നലില്‍, ഞങ്ങള്‍ വിവാഹിതരാകുമെന്ന് തീരുമാനിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍ കേസുകള്‍ പിന്‍വലിക്കും എന്നാണ് ധാരണ.
ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അയാള്‍ പറഞ്ഞു. 'വൈകാരികമായോ, മാനസികമായോ, പ്രായോഗികമായോ ഞാന്‍ തല്പരനല്ല' എന്ന് യുവാവ്. എന്നിരുന്നാലും, അയാള്‍ നിരസിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം, പെണ്‍കുട്ടിയും അവളുടെ കുടുംബവും അവനെ 'കൂടുതല്‍ കേസുകള്‍, കൂടുതല്‍ പീഡനം, സ്വഭാവഹത്യ' എന്നിവ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. തന്റെ നല്ല ജോലിയും സാമ്പത്തിക സ്ഥിരതയും മുതലെടുത്ത് സമ്മര്‍ദ്ദം ചെലുത്താന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്ന് അയാള്‍സംശയിക്കുന്നു. ഇക്കാരണത്താല്‍, 'ജയിലില്‍ നിന്നും സാമൂഹിക അപമാനത്തില്‍ നിന്നും' രക്ഷപ്പെടാന്‍ വേണ്ടി മാത്രം വിവാഹത്തിലേക്ക് നിര്‍ബന്ധിതനാകുന്നതായി അയാള്‍ പരാതിപ്പെടുന്നു.