Saturday, March 14, 2026 Last Updated 11 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Dec 2025 06.16 PM

കുവൈത്ത് മെന്‍സ് വോയ്‌സ് & കോറല്‍ സൊസൈറ്റി രജതജൂബിലി ആഘോഷങ്ങള്‍ക്ക് 5-ന് സമാപനം: അല്‍ഫോണ്‍സ് ജോസഫ് മുഖ്യാതിഥി

MENS Voice

കവൈത്ത്‌സിറ്റി: സംഗീത പ്രേമികളുടെ കൂട്ടായ്മയായ മെന്‍സ് വോയ്‌സ് & കോറല്‍ സൊസൈറ്റി കുവൈത്തിന്റെ (MVCSK) ഒരു വര്‍ഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഡിസംബര്‍ 5-ന് കൊടിയിറങ്ങും. പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ അല്‍ഫോണ്‍സ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന മെഗാ സംഗീത ശില്പം ജലീബ് അല്‍ ഷുയൂഖിലെ ആസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് 2025 ഡിസംബര്‍ 5, വെള്ളിയാഴ്ച വൈകിട്ട് 6.30-ന് അരങ്ങേറും.
2001-ല്‍ ക്വയര്‍മാസ്റ്റര്‍ സണ്ണി മാലിയിലിന്റെ നേതൃത്വത്തില്‍ സാജന്‍ കല്ലുപാലത്തിന്റെയും ഡോ. സൈമണ്‍ ഈശോയുടെയും സാന്നിധ്യത്തിലാണ് ഒരുപറ്റം സംഗീത പ്രേമികള്‍ ചേര്‍ന്ന് ഈ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്.
കഴിഞ്ഞ 24 വര്‍ഷങ്ങളിലായി 250-ല്‍ അധികം ഗായകര്‍ക്ക് ഹാര്‍മണി സംഗീതം അഭ്യസിക്കാനും പാടാനും MVCSK അവസരം നല്‍കി. മരുഭൂമിയിലെ തിരക്കിട്ട ജീവിതത്തിനിടയില്‍ പലര്‍ക്കും ഇത് ആശ്വാസത്തിന്റെ തുരുത്തായി.
2009-ലും 2010-ലും പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും ഉയരം കൂടിയതുമായ മനുഷ്യ ക്രിസ്തുമസ് ട്രീകള്‍ ഒരുക്കി MVCSK ചരിത്രത്തില്‍ ഇടംനേടി. 2015-ല്‍ പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീ. ജെറി അമല്‍ദേവിന്റെ നേതൃത്വത്തില്‍ നടത്തിയ ക്രിസ്തുമസ് ഗാനസന്ധ്യയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒരു വര്‍ഷം നീണ്ട ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട്, 2025 ജൂലൈ 11-ന് കോട്ടയം സി.എം.എസ്. കോളേജ് ചാപ്പലില്‍ വെച്ച് ചര്‍ച്ച് മ്യൂസിക്കിനും ഹാര്‍മണി സംഗീതത്തിനുമായി ജീവിതം സമര്‍പ്പിച്ച 50 സീനിയര്‍ സിറ്റിസണ്‍ കോറിസ്റ്റേഴ്‌സിനെ ആദരിച്ചുകൊണ്ട് 'Voice of Wisdom' എന്ന പരിപാടി നടത്തി. ജൂലൈ 12-ന് തിരുവല്ല ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ മെത്രാപ്പോലീത്താ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന മെഗാ മ്യൂസിക്കല്‍ കണ്‍സേര്‍ട്ടും ക്വയര്‍ ഫെസ്റ്റിവലും സംഗീത പ്രേമികള്‍ക്ക് അവിസ്മരണീയ വിരുന്നായി. പ്രസ്തുത പരിപാടിയില്‍ ജെറി അമല്‍ദേവാണ് മുഖ്യാതിഥിയായത്.
ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന ഡിസംബര്‍ 5-ലെ മെഗാ സംഗീത ശില്പം 'Sing Hallelujah' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
MVCSK-യുടെ 60 അംഗ ഗായകസംഘത്തിന് ക്വയര്‍മാസ്റ്റര്‍ അജിത് ബാബുവും അസിസ്റ്റന്റ് ക്വയര്‍ മാസ്റ്റര്‍ റിജോ ഏബ്രഹാം മാത്യുവും നേതൃത്വം നല്‍കും.
ജോര്‍ജ്ജ് വര്‍ഗ്ഗീസ് പരിശീലനം നല്‍കിയ 33 അംഗ ജൂനിയര്‍ ക്വയറും വേദിയില്‍ ഗാനമാലപിക്കും.
കുവൈത്തിലെ വിവിധ ചര്‍ച്ച് ഗായകസംഘങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 102 അംഗ മാസ്സ് ക്വയറിനെ ക്വയര്‍മാസ്റ്റര്‍ അജിത് ബാബുവും അല്‍ഫോണ്‍സ് ജോസഫും നയിക്കും. MVCSK യുടെ നേതൃത്വത്തിലുള്ള നാലാമത് മാസ്സ് ക്വയര്‍ പ്രസന്റേഷനാണിത്.
പാശ്ചാത്യ-പൗരസ്ത്യ ഗാനങ്ങളെ കോര്‍ത്തിണക്കിയുള്ള ഈ സംഗീത ശില്പത്തിന്റെ ജൂബിലി ഗാനം ചിട്ടപ്പെടുത്തിയത് പ്രശസ്ത സംഗീത സംവിധായകന്‍ തോമസ് ജേക്കബ് കൈതയിലാണ്.
ഓര്‍ഗനൈസര്‍മാരായ തോമസ് തോമസ്, ആകാശ് ജോണ്‍ തോമസ്, ഷിബു സൈമണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേത്യത്വം നല്‍കുന്നത്.

Ads by Google
Ads by Google
TRENDING NOW