-->
ദോഹ: നിലവിലെ ആഗോള സാഹചര്യങ്ങളിൽ വിപണിയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ഖത്തറിലെ വ്യാപാര പ്രമുഖർ. രാജ്യത്തെ ഹൈപ്പർമാർക്കറ്റുകളിൽ ആവശ്യമായ സാധനങ്ങളുടെ വൻ ശേഖരമുണ്ടെന്നും വിതരണ ശൃംഖലയിൽ ഇതുവരെ തടസ്സങ്ങളില്ലെന്നും ഖത്തർ ചേംബർ ട്രേഡ് ആൻഡ് റിസർച്ച് കമ്മിറ്റി യോഗം വ്യക്തമാക്കി.
യുദ്ധസാഹചര്യങ്ങളോ ആഗോള പ്രതിസന്ധികളോ ഖത്തറിലെ സാധനലഭ്യതയെ ബാധിക്കാതിരിക്കാൻ ബദൽ ലോജിസ്റ്റിക് പാതകൾ ഒരുക്കും.വിപണിയിൽ സാധനങ്ങളുടെ വില നിയന്ത്രിക്കാനും കൃത്രിമ ക്ഷാമം ഇല്ലാതാക്കാനും മന്ത്രാലയങ്ങളുമായി ചേർന്ന് ചേംബർ പ്രവർത്തിക്കും.ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ ദീർഘകാലം സൂക്ഷിക്കാനുള്ള സ്റ്റോറേജ് ശേഷി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.ഖത്തർ ചേംബർ ഭാരവാഹികളായ മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബി, ഡോ. മുഹമ്മദ് ബിൻ ജൗഹർ അൽ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം നടന്നത്. രാജ്യത്തിൻ്റെ സുരക്ഷ കാക്കുന്ന സായുധ സേനയ്ക്കും ഭരണനേതൃത്വത്തിനും യോഗം നന്ദി അറിയിച്ചു.
ഷഫീക്ക് അറയ്ക്കൽ