-->
ശ്രദ്ധേയ എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപന്റെ വിഖ്യാത നോവലിനെ ആസ്പദമാക്കി, നടൻ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്ബ്യാർ സംവിധാനം ചെയ്ത ‘വിലായത്ത് ബുദ്ധ’ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമാണ് സിനിമ എന്നാണ് ആരാധകർ പറയുന്നത്.
പൃഥ്വിരാജിനൊപ്പം ഷമ്മി തിലകന്‍ സുപ്രധാന വേഷത്തിലെത്തിയിരിക്കുന്ന ചിത്രം സൈബര്‍ മീഡിയ അറ്റാക്കുകള്‍ വരുന്നുണ്ടെങ്കിലും മികച്ച പ്രതികരണവും നിരൂപക പ്രശംസയും ചിത്രം നേടുന്നുണ്ട്. മത-രാഷ്ട്രീയ വിദ്വേഷപ്രചാരണങ്ങള്‍ സിനിമയ്ക്കെതിരെ നടക്കുന്നുണ്ട്. അതിനൊപ്പം തന്നെ സിനിമ കുറച്ചു ലാഗാണെന്നും ദൈർഘ്യം കൂടുതലാണെന്നും ചിലര്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ സിനിമയുടെ ദൈർഘ്യം കുറച്ചെന്ന് പറയുകയാണ് ഷമ്മി തിലകന്‍. സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്റെ കമന്‍റിന് മറുപടി നല്‍കിയപ്പോഴാണ് ചിത്രത്തില്‍ ഭാസ്കരൻ മാഷായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഷമ്മി തിലകൻ ഇക്കാര്യം പറഞ്ഞത്. ‘സർ, താങ്കളുടെ പ്രകടനം ഗംഭീരമായിരുന്നു പക്ഷേ സിനിമയുടെ ദൈർഘ്യം പ്രേക്ഷകനെ വല്ലാണ്ട് അരോചകം ഉണ്ടാക്കി....’ എന്നൊരു ആരാധകന്‍ കമന്റിട്ടപ്പോള്‍, ‘പ്രേക്ഷകരുടെ അഭിപ്രായം മുഖവിലക്കെടുത്ത് ദൈർഘ്യം കുറച്ചല്ലോ...’ എന്നാണ് ഷമ്മി തിലകന്‍ മറുപടി നല്‍കിയത്.
സിനിമയുടെ ദൈർഘ്യത്തെക്കുറിച്ച് ചില പ്രേക്ഷകർ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഏകദേശം മൂന്ന് മണിക്കൂറിനടുത്ത് കൃത്യമായി പറഞ്ഞാല്‍ 2 മണിക്കൂർ 56 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന ചിത്രം ഇപ്പോള്‍ 2 മണിക്കൂർ 45 മിനിറ്റാക്കിയിരിക്കുകയാണ്. പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് സിനിമയുടെ അണിയറപ്രവർത്തകർ ഉടനടി മാറ്റങ്ങള്‍ വരുത്തിയതിനെ സിനിമാസ്വാദകർ അഭിനന്ദിച്ചിട്ടുമുണ്ട്.
ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ജയൻ നമ്പ്യആർ സംവിധാനം ചെയ്ത ‘വിലായത്ത് ബുദ്ധ’യില്‍, പൃഥ്വിരാജ് അവതരിപ്പിച്ച ‘ഡബിള്‍ മോഹൻദ എന്ന കഥാപാത്രത്തിനൊപ്പം ഷമ്മി തിലകൻ അവതരിപ്പിച്ച ‘ഭാസ്കരൻ മാഷ്’ എന്ന കഥാപാത്രത്തെയും പ്രേക്ഷകര്‍ ഏറ്റെടുക്കുന്നുണ്ട്. കൂടുതല്‍ പേരും മഹാനടന്‍ തിലകനെ സ്ക്രീനില്‍ കണ്ടുവെന്നാണ് പറയുന്നത്. ഷമ്മി തിലകന്റെ പ്രകടനം കരിയറിലെ തന്നെ മികച്ച ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം നവംബർ 21-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
പ്രശസ്ത നോവല്‍ ‘വിലായത്ത് ബുദ്ധ’ അതേ പേരില്‍ തന്നെയാണ് സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയത്. പ്രിയംവദ, രാജശ്രീ, അനു മോഹൻ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഹിറ്റ് ചിത്രങ്ങളൊരുക്കിയ ഉർവ്വശി തിയെറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനൻ ഒരുക്കിയിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് ‘വിലായത്ത് ബുദ്ധ’. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥയെഴുതിയത്.